അബൂദബി: ടീൻസ്റ്റർ യു.എ.ഇയുടെ മൂന്നാമത് എജുക്കേഷൻ കോൺഫറൻസ് ശനി, ഞായർ ദിവസങ്ങളിൽ അബൂദബി യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തേ രണ്ടുതവണകളായി നടന്ന അധ്യാപക സമ്മേളനമാണ് വിദ്യാർഥി സമ്മേളനം കൂടി ഉൾപ്പെടുത്തി രണ്ടുദിവസത്തെ ഫ്യൂച്ചർ എജുക്കേഷൻ കോൺഫറൻസായി നടത്തുന്നത്. കഴിഞ്ഞ രണ്ട് എഡിഷനുകളിൽ യു.എ.ഇയിലെ എഴുപതിൽ പരം ഇന്ത്യൻ സ്കൂളുകളിൽനിന്നായി അറുനൂറോളം അധ്യാപകർ പങ്കെടുത്തിരുന്നു.
അധ്യാപനത്തിലെ നയവികാസങ്ങൾ, അറിവിന്റെ ഭിന്നതലങ്ങൾ, പ്രഫഷനൽ മുന്നേറ്റങ്ങൾ, ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ തുടങ്ങി വിവിധ വിഷയങ്ങൾ ഇത്തവണത്തെ അധ്യാപക സമ്മേളനത്തിൽ ചർച്ചയാകും.
കൂടാതെ, വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുമായി സംവദിക്കാൻ കൂടി അവസരമൊരുക്കും.
രണ്ടാം ദിനം നടക്കുന്ന വിദ്യാർഥി സമ്മേളനത്തിൽ യു.എ.ഇയിലെ വിവിധ സ്കൂളുകളിൽനിന്ന് അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുക്കും.
ആധുനിക വിദ്യാഭ്യാസ ഗവേഷണം, സംരംഭകത്വം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. കൂടാതെ അബൂദബി യൂനിവേഴ്സിറ്റിയിലെ അത്യാധുനിക സാങ്കേതിക ലാബുകൾ സന്ദര്‍ശിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഡോ. സംഗീത് ഇബ്രാഹിം(സീനിയർ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസ്, അബൂദബി), ആരതി സി. രാജരത്നം (സൈക്കോളജിസ്റ്റ് ആൻഡ് ഓതർ, മിഷൻ സ്മൈൽസ്) ഡോ. ശ്രീതി നായർ(ഡീൻ, അബുദബി യൂനിവേഴ്സിറ്റി ആർട്സ് ആൻഡ് സയൻസ് കോളജ്) തുടങ്ങിയ വിദ്യാഭ്യാസരംഗത്തെ പ്രമുഖർ വിവിധ സെഷനുകളിൽ സംവദിക്കും.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ എജുക്കേഷനൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത് എജുക്കേഷൻ-കരിയർ കോൺസൽട്ടൻസിയായ സ്കൈഡസ്റ്റ്, മേക്കേഴ്സ് മീഡിയ ഇവന്റ്സ് എന്നിവയുമായി ചേർന്നാണ്.
രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും https://theteachersconference.com എന്ന വെബ്സൈറ്റിലും futureconference@skydest.com എന്ന ഇ-മെയിൽ വഴിയും ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.