ദുബൈ: ലോകത്തെ ഏറ്റവും വലിയ പുതുവത്സരാഘോഷ വേദികളിലൊന്നായ ദുബൈയിൽ പൊലീസിനൊപ്പം സുരക്ഷക്കിറങ്ങിയത് 2,479 വളന്റിയർമാർ. പുതുവൽസര രാവിൽ സന്ധദ്ധസേവനത്തിന് താൽപര്യമുള്ളവരിൽ നിന്ന് ദുബൈ പൊലീസ് അപേക്ഷ സ്വീകരിച്ചാണ് ആളുകളെ തെരഞ്ഞെടുത്തത്.
3111പേർ രജിസ്റ്റർ ചെയ്തതിൽ നിന്നാണ് 2,479 വളന്റിയർമാരെ തെരഞ്ഞെടുത്തത്. 45 രാജ്യങ്ങളിൽ നിന്നുള്ളവരാണ് സേവനത്തിൽ പങ്കാളികളായത്. 15 പ്രധാന സ്ഥലങ്ങളിലായാണ് വളന്റിയർമാരെ വിന്യസിച്ചത്. ഇവർ ചുമതലകൾ വിജയകരമായി നിർവഹിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയും ഭാവി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന റിപ്പോർട്ടുകളും നിരീക്ഷണങ്ങളും സമർപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി.
പുതുവൽസരാഘോഷത്തിന്റെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും മറ്റും സഹായം നൽകിയ വളന്റിയർമാരുടെ ശ്രമങ്ങളെ പ്രശംസിച്ച ദുബൈ പൊലീസ്, പരിപാടികളുടെ വിജയത്തിൽ അവരുടെ സംഭാവന ഒരു പ്രധാന ഘടകമാണെന്ന് പറഞ്ഞു. വളന്റിയർമാരുടെ ശ്രദ്ധേയമായ പ്രകടനവും ഉയർന്ന മനോവീര്യവും അഭിനന്ദനാർഹമാണെന്നും അവരുടെ പ്രഫഷനലിസം ദുബൈയിയുടെ പരിഷ്കൃത പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്നതാണെന്നും, പൊലീസും സമൂഹവും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ എടുത്തുകാണിക്കുന്നതായും ദുബൈ പൊലീസിലെ കമ്മ്യൂണിറ്റി ഹാപ്പിനസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.