ദുബൈ: പൊതു ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിൽ 16 ബസ് സ്റ്റേഷനുകളും ആറ് ഡിപ്പോകളും വികസിപ്പിക്കുന്നതിന് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച മൂന്നു വർഷപദ്ധതിക്ക് കീഴിലാണ് പുതിയ വികസന പ്രവർത്തനങ്ങൾ. 16 ബസ് സ്റ്റേഷനുകളിൽ ഒമ്പതെണ്ണം ദേരയിലും ഏഴു സ്റ്റേഷനുകൾ ബർദുബൈയിലുമാണ്. മാൾ ഓഫ് എമിറേറ്റ്സ്, സബ്ക, ജബൽ അലി, അൽഖൂസ്, ഇബ്ൻ ബത്തൂത്ത, ഹത്ത, ഗോൾഡ് സൂക്ക്, അൽ ഖിസൈസ്, ദേര സിറ്റി സെന്റർ, അൽ ഖുബൈബ, യൂനിയൻ, അൽ സത്വ, അൽ റാശിദിയ, അബൂ ഹെയ്ൽ, ഇത്തിസലാത്ത്, കറാമ എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ചില ടെർമിനുകൾ പുതുക്കിപ്പണിയുകയും ഇവിടങ്ങളിൽ പ്രാർഥന മുറികൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
അൽ ഖവാനീജ്, അൽ ഖിസൈസ്, അൽ റുവയ്യാ, അൽ അവീർ, ജബൽ അലി, അൽ ഖൂസ് എന്നിവിടങ്ങളിലാണ് ആറ് ബസ് ഡിപ്പോകളുടെ നവീകരണം. പരിശോധന പാതകളുടെ നവീകരണം, എൻജിൻ വാഷ് ലെയ്നുകളുടെ നിർമാണം, ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തൽ, ഫ്ലോർ അറ്റുകുറ്റപ്പണികൾ, പുതിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, പൊതു സൗകര്യങ്ങൾ പുനഃസ്ഥാപിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. ഇതു കൂടാതെ ജബൽ അലി, അൽ ഖൂസ് ഡിപ്പോകളിൽ ഡ്രൈവർമാർക്കായി താമസ കെട്ടിടം നിർമിക്കുകയും ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുകയും ചെയ്യും.
കാൽനടക്കാർക്കായി പ്രത്യേക പാതകളും ഇവിടെ നിർമിക്കും. 2021ൽ അൽ ഖുബൈബ, യൂനിയൻ, അൽ ജാഫിലിയ, ഊദ് മേത്ത, അൽ സത്വ, ഇത്തിസലാത്ത്, അൽ ബറാഹ, ഇന്റർനാഷനൽ സിറ്റി, ദുബൈ എയർപോർട്ട് ടെർമിനൽ 3 എന്നിവിടങ്ങളിൽ ബസ് സ്റ്റേഷനുകളുടെ നിർമാണം ആർ.ടി.എ പൂർത്തീകരിച്ചിരുന്നു.
നഗരങ്ങൾ തമ്മിലുള്ള പരസ്പരം ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ഊന്നൽ നൽകിയാണ് സ്റ്റേഷനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പുതിയ സൗകര്യങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട്, ട്രാൻസിറ്റ് സ്റ്റേഷനുകളിലേക്കും പുറത്തേക്കും യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ പ്രവേശനമാണ് ലക്ഷ്യം. നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കും പ്രവേശനം സാധ്യമാകുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ രൂപകൽപനയെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.