ഫുജൈറ: 2027-ലെ ഫിഡെ ലോക ജൂനിയർ അണ്ടർ-20 ചെസ് ചാമ്പ്യൻഷിപ്പിന് ഫുജൈറ വേദിയാകും. ഫുജൈറ ചെസ് ആൻഡ് കൾച്ചറൽ ക്ലബാണ് ടൂർണമെന്‍റിന് ആതിഥ്യം വഹിക്കുക. ഫിഡെ പ്രതിനിധികൾ ഫുജൈറയിലെ ആധുനിക കായിക സൗകര്യങ്ങളും അത്യാധുനിക സജ്ജീകരണങ്ങളുള്ള പുതിയ ക്ലബ് മന്ദിരവും നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് 2025-ൽ മോണ്ടെനെഗ്രോയിൽ നടന്ന മത്സരങ്ങൾക്ക് ശേഷമുള്ള അടുത്ത പതിപ്പിനായി ഫുജൈറയെ തിരഞ്ഞെടുത്തത്.
ഈ ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് കേവലം ഒരു കായിക പരിപാടി മാത്രമല്ലെന്നും, രാജ്യത്തിന്റെ കൃത്യമായ ആസൂത്രണത്തിനും ക്ലബിന്‍റെ സംഘാടന ശേഷിക്കും അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ നൽകിയ വലിയ അംഗീകാരമാണെന്നും യു.എ.ഇ ചെസ് ഫെഡറേഷൻ പ്രസിഡന്‍റ് ഡോ. ഇസ്മായിൽ അൽ ഖൂരി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ ടൂർണമെന്‍റ് വിജയകരമായി സംഘടിപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെയും കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെയും പിന്തുണയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് ഫുജൈറ ചെസ് ക്ലബ്ബ് ചെയർമാൻ ഡോ. അബ്ദുല്ല അലി അൽ ബറകാത്ത് വ്യക്തമാക്കി. ഏറ്റവും മികച്ച രീതിയിൽ ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി ഫിഡെയുമായി സഹകരിച്ച് സമഗ്രമായ തയാറെടുപ്പുകൾ ക്ലബ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര കായിക രംഗത്ത് യു.എ.ഇക്കും ഫുജൈറക്കും വർധിച്ചുവരുന്ന ജനപ്രീതിയും വിശ്വാസ്യതയും അടിവരയിടുന്നതാണ് ലോക ജൂനിയർ ചെസ് ടൂർണമെന്‍റിന്‍റെ ആതിഥേയത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.