????????? ??????

ദുബൈ ഭരണാധികാരിയുടെ കവിതക്ക് മലയാളി ശബ്ദം പകര്‍ന്നു

അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രചിച്ച ഫിത്നത്തുല്‍ ഇര്‍ഹാബ് (ഭീകരതയുടെ വിപത്ത്) എന്ന പ്രശസ്ത അറബ് കവിതക്ക് മലയാളി ഗായകന്‍ ശബ്ദം നല്‍കി. 30 വര്‍ഷത്തോളം അബൂദബിയിലും ബഹ്റൈനിലും പ്രവാസജീവിതം നയിച്ച മാപ്പിളപ്പാട്ടുകാരന്‍ എടപ്പാള്‍ ബാപ്പുവാണ് കവിത ആലപിച്ചത്. മതവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഭീകരാക്രമണങ്ങളെ അപലപിക്കുന്ന കവിതയുടെ ആത്മാവറിഞ്ഞുകൊണ്ടുള്ള ഈണവും ആലാപനവുമാണ് എടപ്പാള്‍ ബാപ്പു നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്‍െറ ദൃശ്യാവിഷ്കാരം അണിയറയില്‍ തയാറാവുന്നുണ്ട്.
കഴിഞ്ഞ ദിവസം കവിതാലാപനം കേട്ട് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സന്തോഷത്തോടെ അഭിനന്ദിച്ചത് തന്‍െറ ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്ന് ബാപ്പു പറഞ്ഞു. 2001ല്‍ ശൈഖ് സായിദിനെ കുറിച്ച് ‘ജീവിക്കുന്ന ഇതിഹാസം’ എന്ന പേരില്‍ സംഗീത ആല്‍ബം തയാറാക്കിയ എടപ്പാള്‍ ബാപ്പുവിനെ ശൈഖ് സായിദ് കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തി ആദരിച്ചിരുന്നു. ഇത്തരം ആദരവ് ലഭിച്ച ഒരേയൊരു ഇന്ത്യന്‍ ഗായകനാണ് ഇദ്ദേഹം. 
ദശകങ്ങളിലൂടെ അനേക ലക്ഷം പ്രവാസികള്‍ക്ക് താങ്ങും തണലുമായ യു.എ.ഇക്കും ഇവിടുത്തെ ഉദാരമതികളായ ഭരണാധികാരികള്‍ക്കും ജനതക്കുമുള്ള സ്നേഹസമര്‍പ്പണമാണ് തന്‍െറ ഇത്തരം സംഗീത ഉദ്യമങ്ങളെന്ന് എടപ്പാള്‍ ബാപ്പു പറഞ്ഞു. പാണക്കാട് ശിഹാബ് തങ്ങളുടെ സൂഫീസമാനമായ ജീവിതത്തെ ആവിഷ്കരിക്കുന്ന ‘എന്‍െറ തങ്ങള്‍’ ഓഡിയോ-വീഡിയോ ആല്‍ബമാണ് ബാപ്പുവിന്‍െറ അടുത്ത സംരംഭം. യു.എ.ഇയില്‍ വൈകാതെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ‘എന്‍െറ തങ്ങള്‍’ പ്രകാശനം ചെയ്യും. ഇതിനായി ഇദ്ദേഹം യു.എ.ഇയില്‍ എത്തിയിട്ടുണ്ട്. കേരള ഫോക്ലോര്‍ അക്കാദമിയുടെ ‘ഗുരുപൂജ പുരസ്കാരം’ ഉള്‍പ്പെടെ വിവിധ അംഗീകാരങ്ങള്‍ നേടിയ ബാപ്പു ഇപ്പോള്‍ നാട്ടിലും ഗള്‍ഫിലുമായി സംഗീതസപര്യ തുടരുകയാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.