അജ്മാനില്‍ ഒരു ഇന്ത്യന്‍ സ്കൂള്‍ കൂടി വരുന്നു

ദുബൈ: അജ്മാനില്‍ ഒരു ഇന്ത്യന്‍ സ്കൂള്‍ കൂടി വരുന്നു. അജ്മാന്‍ രാജ കുടുംബാംഗങ്ങളുടെ കൂടി സഹകരണത്തോടെ മംസാര്‍ ഗ്രൂപ്പാണ് അജ്മാന്‍ ജര്‍ഫ് മേഖലയില്‍ 15 കോടി ദിര്‍ഹം ചെലവാക്കി സ്കൂള്‍ തുറക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  അടുത്ത വര്‍ഷം ഏപ്രില്‍ ആദ്യവാരം പ്രവര്‍ത്തനം തുടങ്ങുന്ന വുഡ്ലെം പാര്‍ക് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ തുടക്കത്തില്‍ കെ.ജി മുതല്‍ എട്ടാം ക്ളാസ് വരെയാണ് ഉണ്ടാവുകയെന്ന് സി.ഇ.ഒയും മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുല്‍ സലാം മുഹമ്മദും സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്‍റ് ഡോ.അബ്ദുല്‍ ഗഫൂറും പറഞ്ഞു. 
മൂന്നര ലക്ഷം ചതുരശ്ര അടിയിലാണ് സ്കൂള്‍ കെട്ടിടം ഒരുങ്ങുന്നത്. വരുന്ന നവംബറില്‍ പ്രവേശം ആരംഭിക്കും. സി.ബി.എസ്.ഇ, കേരള സിലബസുകളില്‍  ഉയര്‍ന്ന ബ്രിട്ടീഷ്  നിലവാരത്തോടെയായിരിക്കും അധ്യയനം. ബ്രിട്ടനിലെ വുഡ്ലെം പാര്‍ക്ക് എജുക്കേഷന്‍െറ മേല്‍നോട്ടത്തിലായിരിക്കും സ്കൂള്‍ പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്ക് പ്രാതല്‍ സ്കൂളില്‍ നിന്ന് നല്‍കും.ഹോം വര്‍ക്ക് ഉണ്ടായിരിക്കില്ല. 
അജ്മാന്‍ റൂളേഴ്സ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ്  ഡോ.മാജിദ് ബിന്‍ സഊദ് അല്‍ നുഐമി സ്കൂളിന്‍െറ രക്ഷാധികാരിയും ശൈഖ് അബ്ദുല്ല ബിന്‍ മാജിദ് അല്‍ നുഐമി ചെയര്‍മാനുമാണ്. ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത ഏറ്റവും മികച്ച അധ്യാപകരായിരിക്കും അധ്യയനം നടത്തുക. പാഠ്യപദ്ധതിക്കുപുറത്ത് ജീവിതവിജയം നേടാനാവശ്യമാണ് നൈപുണ്യങ്ങളും കുട്ടികളെ പഠിപ്പിക്കും. ആത്മവിശ്വാസത്തോടെയും ബുദ്ധികൂര്‍മതയോടും കുട്ടികളെ സ്വഭാവികമായി വളരാന്‍ സഹായിക്കുന്നതായിരിക്കും പഠന രീതി. ഹയര്‍സെക്കന്‍ഡറി വരെയായി 5000 വിദ്യാര്‍ഥികളെ ഉള്‍കൊള്ളാനുള്ള സൗകര്യം സ്കൂളിനുണ്ട്. തുടക്കത്തില്‍ 1000 വിദ്യാര്‍ഥികളെയാണ് പ്രവേശിപ്പിക്കുക. ഇവരില്‍ മിടുക്കരും അര്‍ഹരുമായ 10 ശതമാനം പേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. 
മറ്റുള്ളവരില്‍ നിന്ന് മിതമായ ഫീസായിരിക്കും ഈടാക്കുകയെന്ന് ഡോ. അബ്ദുല്‍സലാം പറഞ്ഞു. നടുവൊടുക്കുന്ന പുസ്തകഭാരത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ഡിജിറ്റല്‍ ബദല്‍മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും പരിപാടിയുണ്ട്. 
മംസാര്‍ ഗ്രൂപ്പ് ചെയര്‍മാനും സ്കുള്‍ ഡയറക്ടറുമായ നൗഫല്‍ അഹ്മദ്, സ്ട്രാറ്റജിക് പാര്‍ട്ണര്‍ സാറാ വാര്‍ഡ് ഹെന്‍റി, ഡയറക്ടര്‍ സിദ്ദീഖ് ലിയോടെക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.