ദുബൈ: ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി പുനരവധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ പാര്‍ട്ടി സമ്മര്‍ദം ചെലുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ കേന്ദ്രവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയും നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ്, ക്ഷേമ പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. തിരക്കേറിയ സീസണില്‍ വിമാനക്കൂലി വര്‍ധിക്കുന്നതാണ് പ്രവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം.
ഇതിന് പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം നല്‍കാന്‍ എംബസിയോടും കോണ്‍സുലേറ്റിനോടും ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി കെ.എസ്.എഫ്.ഇയുടെ നേതൃത്വത്തില്‍ എന്‍.ആര്‍.ഐ ചിട്ടി ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസികളുടെ സമ്പാദ്യത്തില്‍ അധികവും ദേശസാല്‍കൃത ബാങ്കുകളിലാണ്. ഇത് സംസ്ഥാനത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ സഹകരണ മേഖലയില്‍ ബാങ്ക് സ്ഥാപിച്ച് എന്‍.ആര്‍.ഐ നിക്ഷേപം സ്വീകരിക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നേരത്തെയുള്ള സര്‍വീസുകള്‍ പുനസ്ഥാപിക്കേണ്ടതുണ്ട്.
ഇതിനായുള്ള ശ്രമങ്ങള്‍ നടത്തും. വിമാനത്താവള വികസനത്തിന് സ്ഥലം ലഭ്യമാകണം. ആളുകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കണം.
അതിവേഗ റെയില്‍ കോറിഡോറും നാലുവരിപ്പാതയും സംസ്ഥാനത്തിന്‍െറ വികസനത്തിന് അനിവാര്യമാണ്.
കേരളത്തിലെ 1000 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള തീവ്രയത്നത്തിന് നവംബര്‍ ഒന്നിന് പ്രധാനമന്ത്രി തുടക്കം കുറിക്കും. ഒരുസെന്‍റ് ഭൂമി പോലുമില്ലാത്ത ഒന്നര ലക്ഷത്തോളം കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഇവര്‍ക്കായി താലൂക്ക് തലത്തില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുമെന്നും കോടിയേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.