ഭിന്നലിംഗ യുവതിക്ക്  അബൂദബി വിമാനത്താവളത്തില്‍ പ്രയാസം നേരിട്ടതായി പരാതി

അബൂദബി: ഇന്ത്യന്‍ ഭിന്നലിംഗ ആക്ടിവിസ്റ്റായ യുവതിക്ക് അബൂദബി വിമാത്താവളത്തില്‍ പ്രയാസം നേരിട്ടതായി പരാതി. കെനിയയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങവേ അബൂദബിയിലിറങ്ങിയ മുംബൈക്കാരിയായ അഭിന ആഹറിനാണ് വെള്ളിയാഴ്ച പ്രയാസം നേരിട്ടത്. 
മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നുപോകവേ ബീപ് ശബ്ദം മുഴങ്ങിയതിനാല്‍ വിമാനത്താവള ഓഫിസര്‍മാര്‍ അവരുടെ ബാഗ് മാറ്റിവെക്കാനും പാസ്പോര്‍ട്ട് കാണിക്കാനും ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടില്‍ ട്രാന്‍സ്ജെന്‍റര്‍ എന്നതിന്‍െറ ചുരുക്കരൂപമായ ‘ടി’ എന്താണെന്ന് വിശദീകരിക്കാന്‍ ഓഫിസര്‍മാര്‍ ആവശ്യപ്പെട്ടതായി യുവതി ഫേസ്ബുക്കില്‍ കുറിച്ചു. 
‘ഞാന്‍ ആണോ പെണ്ണോയെന്ന് പൊതുജനങ്ങള്‍ക്കിടയില്‍വെച്ച് തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരുന്നു. പെണ്ണാണെന്നും സ്ത്രീ ജീവനക്കാര്‍ എന്നെ പരിശോധിക്കണമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍, എന്നെ പരിശോധിക്കാന്‍ സ്ത്രീ ജീവനക്കാര്‍ തയാറായില്ല. ഞാന്‍ പാതി പെണ്ണും പാതി ആണുമാണെന്ന് മറ്റൊരു ഓഫിസര്‍ പറഞ്ഞു. അവസാനം രണ്ട് പുരുഷ ജീവനക്കാര്‍ ബലമായി എന്നെ പരിശോധിക്കാന്‍ ശ്രമിച്ചു. അവര്‍ എന്‍െറ ശരീരത്തില്‍ തൊടുന്നതിന് ഞാന്‍ അനുവദിക്കാത്തതും സ്ത്രീ പരിശോധിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും എന്തുകൊണ്ടാണെന്ന് ഓഫിസര്‍മാര്‍ സംശയിച്ചു. പിന്നീട് മറ്റൊരു ഓഫിസര്‍ എല്ലാ ആഭരണങ്ങളും ഷൂവും ഊരിമാറ്റാന്‍ എന്നോട് ആവശ്യപ്പെട്ടു. അവസാനം എന്നെ വിട്ടയക്കുകയായിരുന്നു. -അഭിന ആഹര്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് ലോകാടിസ്ഥാനത്തില്‍ പിന്തുണ ലഭ്യമാകേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന അനുഭവമാണിതെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.