ഇടത് തേരോട്ടത്തില്‍ മ്ളാനമായി യു.ഡി.എഫ് ക്യാമ്പ്

ദുബൈ: തുടര്‍ഭരണം സാധ്യമാണെന്ന ആത്മവിശ്വാസവുമായി വോട്ടെണ്ണല്‍ ദിനത്തെ നേരിടാനത്തെിയ യു.എ.ഇയിലെ യു.ഡി.എഫ് ക്യാമ്പ് ഇടതുപക്ഷത്തിന്‍െറ തേരോട്ടത്തില്‍ മ്ളാനമായി. ആദ്യഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കാറ്റ് ഇടത്തോട്ടാണെന്ന് വ്യക്തമായതോടെ ആവേശം ആറിത്തണുത്തു. മാറിമറിഞ്ഞ ലീഡ് നിലകളും ക്രിക്കറ്റ് മത്സരങ്ങളെ വെല്ലുന്ന ഫോട്ടോഫിനിഷും പലപ്പോഴും ഉദ്വേഗം സൃഷ്ടിച്ചു. അഴീക്കോട് കെ.എം.ഷാജിയുടെയും മണ്ണാര്‍ക്കാട്ട് ശംസുദ്ദീന്‍െറയും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയുടെയും വിജയമാണ് യു.ഡി.എഫ് അണികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്. 
നാട്ടില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ കെ.എം.സി.സിയുടെ അല്‍ ബറാഹ ഓഫിസ് ഹാളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നു. ഹാളില്‍ ഒരുക്കിയ ബിഗ്സ്ക്രീനില്‍ ചാനലുകളിലൂടെ ഫലം വന്നുതുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ അഴീക്കോട്ടെ നികേഷ്കുമാറും കെ.എം.ഷാജിയും തമ്മിലുള്ള പോരാട്ടത്തിന്‍െറ ഫലമറിയാനായിരുന്നു ഏറെ പേരുടെയും ആകാംക്ഷ. ആദ്യ ലീഡ് നിലകള്‍ പുറത്തുവന്നപ്പോള്‍ നികേഷ് മുന്നില്‍. ഇതോടെ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. വാട്ട്സ്ആപ്പില്‍ സന്ദേശങ്ങള്‍ പറന്നു. പലരും നാട്ടിലേക്ക് ഫോണില്‍ വിളിച്ച് സ്ഥിതി ആരാഞ്ഞു. ആദ്യഘട്ടത്തില്‍ എണ്ണുന്ന വോട്ടുകള്‍ സി.പി.എമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിലേതാണെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസം. പകുതി വോട്ട് എണ്ണിക്കഴിയുമ്പോള്‍ നികേഷിന് 8000 വോട്ടെങ്കിലും ലീഡ് ഇല്ളെങ്കില്‍ ഷാജിക്ക് വിജയിക്കാനാകുമെന്ന് നാട്ടില്‍ നിന്ന് ഉറപ്പ്. ഇതറിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അല്‍പം ഉണര്‍വ്. ലീഡ് നിലകള്‍ വീണ്ടും മാറിയും മറിഞ്ഞും മുന്നോട്ട്. ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ശംസുദ്ദീന്‍െറ വിജയ പ്രതീക്ഷകള്‍ക്കും മങ്ങല്‍. കാന്തപുരം പരസ്യമായി നിലപാടെടുത്തതോടെ ശംസുദ്ദീന്‍െറ വിജയിപ്പിക്കേണ്ടത് കെ.എം.സി.സി പ്രവര്‍ത്തകരടക്കം അഭിമാന പ്രശ്നമായി ഏറ്റെടുത്തിരുന്നു. ഇതിനിടെ ഉദുമയില്‍ കെ. സുധാകരന്‍ മുന്നിലാണെന്ന വാര്‍ത്ത പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കി. പ്രചാരണത്തിന്‍െറ ഭാഗമായി ദുബൈയിലും ഷാര്‍ജയിലും സുധാകരന്‍ നടത്തിയ റോഡ്ഷോ വന്‍ ഓളമുണ്ടാക്കിയിരുന്നു. വോട്ട് രേഖപ്പെടുത്തി സുധാകരനെ വിജയിപ്പിക്കാന്‍ നിരവധി പേര്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. 
പിരിമുറുക്കത്തിന് അല്‍പം ആശ്വാസവുമായി ഒമ്പത് മണിയോടെ ചായയും ഉപ്പുമാവുമത്തെി. എന്നാല്‍ പിന്നീടത്തെിയ വാര്‍ത്തകളും നിരാശാജനകമായിരുന്നു. 
ലീഗിന്‍െറ ശക്തികേന്ദ്രമായ മലപ്പുറത്തടക്കം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പിന്നില്‍. താനൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെയും തിരൂരില്‍ പി.കെ. അബ്ദുറബ്ബിന്‍െറയും നില പരുങ്ങലിലെന്ന് വാര്‍ത്തകള്‍.വീണ്ടും നാട്ടിലേക്ക് ഫോണ്‍ കോളുകള്‍. താനൂരില്‍ കോണ്‍ഗ്രസുകാര്‍ പാലം വലിച്ചെന്ന് പലരുടെയും ആത്മഗതം. പുഷ്പം പോലെ ജയിക്കാവുന്ന സ്ഥലത്ത് പ്രതിസന്ധിയുണ്ടായതിന്‍െറ രോഷം പതഞ്ഞുപൊങ്ങി. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് പിന്നിലാണെന്നറിഞ്ഞതോടെ പലരുടെയും മനസ്സില്‍ ലഡു പൊട്ടി. ഒറ്റപ്പെട്ട കൈയടികളായി ഇത് പുറത്തുവരികയും ചെയ്തു. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞും ആദ്യഘട്ടത്തില്‍ പിന്നിലായിരുന്നത് ആശങ്ക പടര്‍ത്തിയെങ്കിലും ഉടന്‍ തന്നെ അദ്ദേഹം ലീഡ് തിരിച്ചുപിടിച്ചത് ആശ്വാസമായി. 
കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ ലീഡ് ഉയര്‍ത്തിയതായി വാര്‍ത്തയത്തെി. കുഞ്ഞാപ്പ എന്തായാലും ജയിക്കുമെന്നും അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ളെന്നും ഒരാളുടെ കമന്‍റ്. ഇതിനിടെ നികേഷിനെതിരെ ഷാജി ലീഡ് പിടിച്ചതോടെ ആഹ്ളാദം അലതല്ലി. വിജയ പ്രഖ്യാപനം വന്നപ്പോള്‍ തക്ബീര്‍ ധ്വനികളും മുദ്രാവാക്യങ്ങളുമുയര്‍ന്നു. ഒപ്പം പെട്ടി പൊട്ടിച്ച് പച്ച ആപ്പിള്‍ വിതരണവും തുടങ്ങി. കാസര്‍കോട് എന്‍.എ നെല്ലിക്കുന്നും എന്‍.ഡി.എയുടെ രവീശ തന്ത്രിയും തമ്മിലുള്ള പോരാട്ടമായിരുന്നു പിന്നീട്. 
ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്ന രവീശ തന്ത്രി പിന്നാക്കം പോയതോടെ ആശ്വാസ നിശ്വാസങ്ങളുയര്‍ന്നു. മഞ്ചേശ്വരത്ത് പി.ബി. അബ്ദുറസാഖും കെ. സുരേന്ദ്രനും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം ശ്വാസമടക്കിപ്പിടിച്ചാണ് എല്ലാവരും കണ്ടത്. 
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 89 വോട്ടിന് അബ്ദുറസാഖ് ജയിച്ചതായി പ്രഖ്യാപനം വന്നപ്പോള്‍ പ്രവര്‍ത്തകര്‍ പരസ്പരം ആശ്ളേഷിച്ച് ആനന്ദാശ്രു പൊഴിച്ചു. ഉദുമയില്‍ സുധാകരന്‍ പരാജയപ്പെട്ടതിന്‍െറ നിരാശയും ഇതോടൊപ്പമത്തെി. മണ്ണാര്‍ക്കാട്ട് ക്രമേണ ലീഡ് വര്‍ധിപ്പിച്ച് ശംസുദ്ദീന്‍ വിജയിച്ചതായി വാര്‍ത്തയത്തെിയപ്പോള്‍ ആവേശം പരകോടിയിലത്തെി. അന്തരീക്ഷം മുദ്രാവാക്യം വിളികളാല്‍ മുഖരിതമായി. 40 പേരെ നാട്ടിലേക്കയച്ചതിന്‍െറ ടിക്കറ്റ് മുതലായെന്ന് ഒരാളുടെ കമന്‍റ്. പിന്നെ ചാനല്‍ കാമറകള്‍ക്ക് മുന്നില്‍ ആഹ്ളാദ പ്രകടനം. ലീഗ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും മുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ ആഘാതം പലരുടെയും മുഖത്ത് പ്രകടമായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.