ഷാര്‍ജ: റമദാനായതോടെ ദുബൈ സത്വ ബസ് സ്റ്റേഷന് സമീപത്തുള്ള സ്റ്റീല്‍ പള്ളിയില്‍ നമസ്ക്കാരം ഒഴിഞ്ഞ നേരമില്ല. രാവും പകലും ഇവിടെ വിശ്വാസികള്‍ നമസ്ക്കാരത്തില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും കഴിയുന്നു. വലുപ്പം കൊണ്ട് പള്ളി ചെറുതാണെങ്കിലും നൂറ് കണക്കിന് പേരാണ് നമസ്ക്കരിക്കാന്‍ എത്തുന്നത്. ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് തൊട്ടടുത്ത കാര്‍ നിറുത്തല്‍ കേന്ദ്രത്തിലേക്ക് വരികള്‍ നീളും. പുറത്ത് നമസ്ക്കരിക്കുന്നവര്‍ക്ക് ആര്യ വേപ്പുകള്‍ തണലൊരുക്കും.
വിപുലമായ ഇഫ്താറും ഇവിടെ നടക്കുന്നു. ഇഫ്താറില്‍ ഇതര മതസ്ഥരും പങ്കെടുക്കുന്നു. സ്റ്റീല്‍ കൊണ്ടാണ് പള്ളിയുടെ ഭിത്തികള്‍ തീര്‍ത്തിരിക്കുന്നത്. അത് കൊണ്ടാണ് ഇതിന് സ്റ്റീല്‍ പള്ളി എന്ന പേര് മലയാളികള്‍ ചാര്‍ത്തി കൊടുത്തത്. മറ്റ് ഭാഷക്കാരും സ്റ്റീല്‍ ചേര്‍ത്താണ് പറയാറുള്ളത്.
365 ദിവസവും രാവും പകലും നമസ്ക്കാരം നടക്കുന്ന യു.എ.ഇയിലെ ഏക പള്ളി എന്ന് ഇതിനെ വിളിച്ചാല്‍ അതിശയോക്തിയാവില്ല. സാധാരണക്കാരായ തൊഴിലാളികളും രാവും പകലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജോലിക്കാരും വിശ്രമ വേളകളില്‍ ഇവിടെ ഓടി എത്തുന്നു. നമസ്കാരവും ഖുര്‍ആന്‍ പാരായണവും നിര്‍വഹിക്കുന്നു.
റമദാന്‍െറ ദിനരാത്രങ്ങളില്‍ സ്റ്റീല്‍ പള്ളിയില്‍ ഖുര്‍ആന്‍ പാരായണം നിലച്ച നേരമില്ല. ഒന്നും രണ്ടും തവണ ഖുര്‍ആന്‍ ഓതി തീര്‍ത്തവരെ പള്ളിയില്‍ കണ്ടു. ഒരാവര്‍ത്തിയെങ്കിലും ഖുര്‍ആന്‍ മുഴുവന്‍ ഓതിപൂര്‍ത്തിയാക്കാനുള്ള മോഹവുമായി ജോലിക്കിടയില്‍ നിന്ന് ഓടി വന്നവരും പള്ളിയിലുണ്ടായിരുന്നു. റമദാനിലെ രാത്രി നമസ്ക്കാരമായ തറാവീഹിന് നിരവധി പേരാണ് സ്റ്റീല്‍ പള്ളിയിലത്തെുന്നത്. സംഘടിത നമസ്ക്കാരം കഴിഞ്ഞാല്‍ അത്താഴം വരെ നമസ്ക്കാരം തുടരുന്നവരുമുണ്ട്. ഇവിടെ ആളുകള്‍ ഉറക്കം വെടിഞ്ഞ് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നത് മനസിലാക്കി ഭക്ഷണങ്ങളും പാനിയങ്ങളുമായി സ്വദേശികളും മറ്റും എത്തുന്നു.
സത്വയില്‍ പ്രവാസികള്‍ കാല് കുത്തിയ കാലം തൊട്ടെ സ്റ്റീല്‍ പള്ളി നില്‍ക്കുന്ന ഭാഗത്ത് നമസ്ക്കാരം നടന്നിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. നിലത്ത് പായ വിരിച്ചായിരുന്നു നമസ്ക്കാരം. ഇവിടെ ബസ് നിറുത്തല്‍ കേന്ദ്രം വന്നതോടെയാണ് അധികൃതര്‍ പള്ളി തീര്‍ത്തത്. ചെറിയൊരു ഉദ്യാനവും പള്ളിക്ക് സമീപത്തുണ്ട്. പ്രദേശത്തെ പ്രധാന വഴി കാട്ടിയുമാണ് ഈ പള്ളി.
ഒരു കാലത്ത് സ്വദേശികളുടെ പ്രധാന വാസ സ്ഥലമായിരുന്നു സത്വ. ഇവിടെ കാണുന്ന പഴയ വില്ലകളെല്ലാം അവരുടെതായിരുന്നു. ഇവര്‍ക്ക് ആധുനിക സൗകര്യമുള്ള പുതിയ വീടുകള്‍ അല്‍ വറഖയിലും മിസ്ഹറിലും അധികൃതര്‍ നിര്‍മ്മിച്ച് നല്‍കിയതോടെയാണ് ഇവിടെ സ്വദേശികള്‍ ഗണ്യമായി കുറഞ്ഞത്. എന്നാല്‍ ചിലര്‍ ഇവിടെ തന്നെ കഴിയുന്നുണ്ട്.
ദുബൈയിലെ പ്രധാന ജനവാസ മേഖലയും കച്ചവട മേഖലയുമാണ് സത്വ. ശൈഖ് സായിദ് റോഡിനും അല്‍ വാസല്‍ റോഡിനും മധ്യത്തിലാണ് ഇതിന്‍െറ സ്ഥാനം. നിറയെ പഴയ വില്ലകളുള്ള പ്രദേശം. രാവും പകലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇടതടവില്ലാതെ പോകുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാരും സത്വയെ ഉറക്കാറില്ല. സത്വയിലെ പ്രധാന റോഡ് ചെന്നത്തെുന്നത് ബര്‍ദുബൈയിലെ മ്യുസിയം റൗണ്ടെബൗട്ടിലും നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന സിറ്റി വാക്കിലുമാണ്.റോഡിന്‍െറ ഒരു അറ്റത്ത് ആധുനികതയും മറ്റെ അറ്റത്ത് പൗരാണികതയും. എന്നാല്‍ ഇതിനൊന്നും മുഖം കൊടുക്കാതെ സ്റ്റീല്‍ പള്ളി നമസ്ക്കരിച്ച് കൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.