റമദാനില്‍  ദുബൈയിലുണ്ടായത് 22 തീപിടിത്തങ്ങള്‍ 

ദുബൈ: റമദാന്‍ മാസം തുടങ്ങിയത് മുതല്‍ ഇതുവരെ ദുബൈയിലുണ്ടായത് 22ഓളം തീപിടിത്തങ്ങളാണെന്ന് സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ അലി ഹസന്‍ അല്‍ മുതവ പറഞ്ഞു. 
ഇതില്‍ 90 ശതമാനവും നിസ്സാര തീപിടിത്തങ്ങളാണ്. വില്ലകളിലും അപാര്‍ട്മെന്‍റുകളിലും പുലര്‍ച്ചെയും നോമ്പ് തുറക്ക് മുമ്പുമായിരുന്നു മിക്ക തീപിടിത്തങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. 
അത്താഴത്തിനും നോമ്പ് തുറക്കും വിഭവങ്ങള്‍ ഒരുക്കുന്നതിനിടെയാണ് അടുക്കളകളില്‍ തീപിടിത്തം ഉണ്ടാകുന്നത്. കൊഴുപ്പുള്ള ഭക്ഷണം തയാറാക്കുമ്പോള്‍ വായുവില്‍ തങ്ങിനില്‍ക്കുന്ന എണ്ണയുടെ അംശമാണ് തീപിടിത്തത്തിന് കാരണമാകുന്നത്. അടുക്കളയിലെ എക്സോസ്റ്റ് ഫാനുകള്‍ എണ്ണയുടെ അംശം നിറഞ്ഞ് പ്രവര്‍ത്തനരഹിതമാവുകയും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി തീപിടിത്തം ഉണ്ടാവുകയുമാണ് ചെയ്യുന്നത്. 
അടുക്കളയില്‍ പെരുമാറുന്ന സ്ത്രീകള്‍ക്കും മറ്റും പെട്ടെന്ന് തീകെടുത്താനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതും മതിയായ പരിശീലനം ലഭിക്കാത്തതും തീ പെട്ടെന്ന് പടരാന്‍ കാരണമാകുന്നു. 
പഴയ വീടുകള്‍ക്ക് തീപിടിക്കുമ്പോഴാണ് പലപ്പോഴും മരണങ്ങള്‍ ഉണ്ടാകുന്നത്. 
തീപിടിത്തമുണ്ടാകുമ്പോള്‍ പുറത്തേക്കോടി രക്ഷപ്പെടാന്‍ മതിയായത്ര വാതിലുകളും ജനലുകളും പഴയ വീടുകള്‍ക്കുണ്ടാകില്ല. റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് പലരും ഉറക്കത്തിലായിരിക്കും. 
മുറിയില്‍ പുക നിറഞ്ഞ് ശ്വാസംമുട്ടിയാണ് മരണങ്ങളില്‍ അധികവും സംഭവിക്കുന്നത്. 
ഇതുസംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫന്‍സ് നടത്തിവരുന്നുണ്ടെന്നും അലി ഹസന്‍ അല്‍ മുതവ കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.