മുടങ്ങാത്ത പെരുന്നാള്‍ യാത്രകള്‍ 

ഷാര്‍ജ: പ്രവാസികളുടെ പെരുന്നാള്‍ ആഘോഷത്തിലെ മുഖ്യ ഇനമാണ് യാത്ര. ഉച്ച ഭക്ഷണം കഴിഞ്ഞ്, അല്ളെങ്കില്‍ അതിനും മുമ്പു തന്നെ കുടുംബത്തെയൂം കൂട്ടുകാരെയും കൂട്ടി അവര്‍ വാഹനമിറക്കും. ഇത്തവണയും ഏറെ പ്രിയം വടക്കോട്ടുള്ള യാത്രക്ക തന്നെയായിരിക്കും. മലയും കുന്നും അണക്കെട്ടും കാലികളും കൃഷികളും ഒക്കെ ഒന്ന് കണ്ടാല്‍ മിഴികള്‍ തെളിയുമെന്നത് കൊണ്ടാണ് പലരും യാത്ര വടക്കോട്ടാക്കുന്നത്. എന്നാല്‍ കൊടും ചൂടാണ് പ്രധാന തടസ്സം. 
പെരുന്നാള്‍ ദിനം കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ വിപുലപ്പെടുത്തിയതായി ഷാര്‍ജ ഗതാഗത വിഭാഗം പറഞ്ഞു. ഷാര്‍ജ ജുബൈല്‍, റോള ബസ് കേന്ദ്രങ്ങളില്‍ നിന്ന് ബസ് സേവനങ്ങളുടെ ഏണ്ണവും ട്രിപ്പും കൂട്ടിയിട്ടുണ്ട്. ബസ് കയറാന്‍ വരുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം കണക്കിലെടുത്ത് വരികളും വേര്‍ തിരിച്ചിട്ടിട്ടുണ്ട്.  അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളുടെ ട്രിപ്പും എണ്ണവും വര്‍ധിപ്പിച്ചു. സ്വകാര്യ വാഹനങ്ങളും സേവനത്തിന് ഉപയോഗിക്കും. നിരക്കുകളില്‍ വര്‍ധന ഉണ്ടാവില്ല.  
വടക്കന്‍ മേഖലയിലേക്ക് സന്ദര്‍ശകര്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഈ ഭാഗങ്ങളില്‍ സുരക്ഷാസംവിധാനവും കൂട്ടിയിട്ടുണ്ട്. യാത്രക്കാര്‍ അമിത വേഗത ഒഴിവാക്കണമെന്നാണ് ഗതാഗത വിഭാഗങ്ങള്‍ നിര്‍ദേശിക്കുന്നത്. ഷാര്‍ജ-മലീഹ റോഡില്‍ എമിറേറ്റ്സ് റോഡ് കഴിഞ്ഞുള്ള ഭാഗങ്ങളില്‍ പാതകളുടെ നവീകരണ ജോലികള്‍ നടക്കുന്നുണ്ട്.  കല്‍ബ ദിശയിലേക്ക് പോകാന്‍ ഒരു പാത മാത്രമാണ് ഇപ്പോളുള്ളത്. 300 മീറ്റര്‍ ഇടവിട്ട് അടിയന്തിര വാഹന പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് അനുവദിച്ച വേഗതയില്‍ മാത്രം വാഹനം ഓടിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുകയും നിര്‍ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
ഇറച്ചി ചുടാനുള്ള മോഹവുമായി പോകുന്നവര്‍ അവ വിലക്കിയ ഭാഗങ്ങളില്‍ പോകരുത്. ഷാര്‍ജയിലെ ഉദ്യാനങ്ങള്‍, ബീച്ചുകള്‍, അന്തര്‍ദേശീയ വിമാനത്താവള പരിസരം എന്നിവിടങ്ങളില്‍ ഇത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 500 മുതല്‍ 1000 ദിര്‍ഹം വരെ പിഴയാണ് ഈ ഭാഗങ്ങളില്‍ ഇറച്ചി ചുട്ടാല്‍. യാതൊരു ദാക്ഷിണ്യവും അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുകയില്ല. 
ദീര്‍ഘദൂര യാത്ര പോകുന്നവര്‍ വാഹനങ്ങളുടെ ടയറുകള്‍ സുക്ഷ്മമായി പരിശോധിക്കണം. കനത്ത ചൂടില്‍ ടയറുകള്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങള്‍ റോഡിലെ സ്ഥിരം കാഴ്ച്ചയായിട്ടുണ്ട്. റാസല്‍ഖൈമയിലെ ജബല്‍ ജെയ്സില്‍ പോകുന്നവര്‍  ശ്രദ്ധയോടെ വാഹനം ഓടിക്കണം കഴിഞ്ഞ ദിവസം വാഹനം മറിഞ്ഞ് ഇവിടെ സ്വദേശി മരിച്ചിരുന്നു. സാഹസിക പ്രകടനങ്ങള്‍ ഈ ഭാഗത്ത് പൂര്‍ണമായും ഒഴിവാക്കണം. 
ഇത് അവധിയുള്ളവരുടെ പെരുന്നാള്‍ കാര്യം. എന്നാല്‍ പെരുന്നാളിന് പോലും അവധിയില്ലാത്ത പതിനായിരങ്ങളാണ് പ്രവാസ ഭൂമിയിലുള്ളത്. ഇവരുടെ പെരുന്നാളും സന്തോഷവും രാവിലെ നമസ്കാരത്തോടെ തീരും. സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികള്‍ക്കാണ് ഏറെ പരിഭവം. റമദാന്‍, പെരുന്നാള്‍ തിരക്കില്‍ എല്ലു മുറിയെ പണിയെടുത്തിട്ടും പെരുന്നാള്‍ ദിനത്തില്‍ അവധി നല്‍കാത്തതിനെക്കുറിച്ച് കണ്ണീരോടെയാണ് ഇവര്‍ പരാതി പറയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.