അല്‍ ബര്‍ഷയില്‍ സിംഹം റോഡിലിറങ്ങി

ദുബൈ: സ്വകാര്യ വ്യക്തി വീട്ടില്‍ വളര്‍ത്തുന്ന സിംഹം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലിറങ്ങിയത് പരിഭ്രാന്തി പരത്തി. അല്‍ ബര്‍ഷ പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സിംഹം പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ദുബൈ നഗരസഭ അധികൃതര്‍ സിംഹത്തെ പിടികൂടി മൃഗശാലയിലേക്ക് മാറ്റി. വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് യു.എ.ഇയില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.  
റോഡില്‍ സിംഹത്തെ കണ്ട് പരിഭ്രാന്തരായ ആളുകള്‍ ദുബൈ പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. പൊലീസ് ഓപറേഷന്‍സ് റൂമില്‍ ഇതുസംബന്ധിച്ച് നിരവധി ഫോണ്‍ കോളുകളാണ് ലഭിച്ചതെന്ന് ദുബൈ പൊലീസ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ഉടന്‍ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തത്തെി. ദുബൈ നഗരസഭയുടെ മൃഗ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. സിംഹം ഇവിടെ നിന്ന് ഓടിപ്പോകുന്നത് തടയാനാണ് ആദ്യം നടപടി സ്വീകരിച്ചത്. തുടര്‍ന്ന് സിംഹത്തെ മയക്കിയതിന് ശേഷം പിടികൂടി കൂട്ടിലാക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മൃഗശാലയിലേക്ക് മാറ്റിയത്. സംഭവ സമയം പ്രദേശത്തെ ഗതാഗതം പൊലീസ് നിരോധിച്ചിരുന്നു. സിംഹം ആരെയും ആക്രമിച്ചിട്ടില്ളെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ളെന്നും പൊലീസ് അറിയിച്ചു. മൃഗശാലയിലത്തെിയ സിംഹത്തെ വിദഗ്ധര്‍ പരിശോധിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ളെന്ന് അധികൃതര്‍ അറിയിച്ചു. 
വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ യു.എ.ഇ പരിസ്ഥിതി- ജല മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. നിയമം ലംഘിച്ച വീട്ടുടമസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ സൂചന നല്‍കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെയും നിരവധി തവണ വന്യമൃഗങ്ങള്‍ ദുബൈ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നഗരത്തിലൂടെ ഓടുന്ന കാറിന് പുറത്തേക്ക് തലയിട്ട് നില്‍ക്കുന്ന പുലിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും വന്യമൃഗങ്ങളുടെ ഇറക്കുമതി തടയാന്‍ ദുബൈ കസ്റ്റംസ് ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.