ദുബൈയിൽ റോബോ ടാക്സികൾ ഉബർ വഴി ബുക്ക്​ ചെയ്യാം; വാണിജ്യാടിസ്ഥാനത്തിൽ സർവിസ്​ അടുത്ത വർഷം മുതൽ, പരീക്ഷണ ഓട്ടം വിജയകരമായി തുടരുന്നു

ദുബൈ: പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ റോബോ ടാക്സി സർവിസ്​ വിജയകരമായി തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക്​ ഉബർ ആപ്പ്​ വഴി സർവിസ്​ ബുക്ക്​ ചെയ്യാമെന്ന്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈയിലെ ബീച്ചുകൾക്ക്​ സമീപമുള്ള പ്രധാന സ്ഥലങ്ങളായ ഉമ്മു സുഖൈം, ജുമൈറ ഭാഗങ്ങളിൽ റോബോ ടാക്സികൾ ലഭ്യമാണെന്നും ഉബർ ആപ്​ വഴി സർവിസ്​ ബുക്ക്​ ചെയ്യാമെന്നും ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ്​ ബഹ്​റൂസിയാൻ പറഞ്ഞു.

ഊബർ ആപ്പിൽ ‘ഓട്ടോണമസ്​ സർവിസ്​’ എന്ന ഓപ്​ഷൻ തെരഞ്ഞെടുത്ത്​​ സർവിസ്​ ബുക്ക്​ ചെയ്യാവുന്നതാണ്​​. റോബോ ടാക്സി​ സാ​ങ്കേതികവിദ്യ രംഗത്തെ പ്രമുഖ കമ്പനിയായ വിറൈഡ്​, ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഉബർ ടെക്​നോളജീസ്​ എന്നിവരുമായി കൈകോർത്താണ്​ എമിറേറ്റിൽ പദ്ധതി നടപ്പിലാക്കുന്നത്​. ദുബൈയുടെ സെൽഫ്​ ഡ്രൈവിങ്​ ട്രാൻസ്​പോർട്ട്​ സ്​ട്രാറ്റജിയുടെ ഭാഗമായുള്ളതാണ്​ റോബോ ടാക്സി പദ്ധതി.

വിവിധ പങ്കാളികളുമായി ചേർന്ന്​ 2025 ഏപ്രിലിൽ പ്രഖ്യാപിച്ച സംയുക്​ത പദ്ധതിയുടെ ഭാഗമായാണ്​ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവിസിന്​ കഴിഞ്ഞ ദിവസം ആർ.ടി.എ തുടക്കമിട്ടിരിക്കുന്നത്​. ഡ്രൈവറില്ലാ ഗതാഗത മാർഗങ്ങളിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പുവരുത്തുകയാണ് പരീക്ഷണ ഓട്ടത്തിന്‍റെ​ ലക്ഷ്യം​. യാത്രക്കാർക്ക്​ സുരക്ഷയും വിശ്വസനീയമായ അനുഭവവും ഉറപ്പുവരുത്തുന്നതിനായി വിദഗ്​ധ ഡ്രൈവറുടെ നിരീക്ഷണത്തിലായിരിക്കും കാർ ഓടിക്കുക. 2026ൽ പൂർണമായും ഡ്രൈവറില്ലാ രീതിയിലേക്ക്​ മാറുമെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ എമിറേറ്റിലെ പൊതുഗതാഗത രംഗത്ത്​ 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങൾ ആക്കുകയെന്നതാണ്​ ദുബൈയുടെ ലക്ഷ്യം.

സ്മാർക്ക്​ ഗതാഗത രംഗത്ത്​ ദുബൈയുടെ വിശിഷ്ടമായ പങ്ക്​ ശക്​തിപ്പെടുത്തുന്നതായിരിക്കും ഡ്രൈവറില്ലാ ടാക്സികളുടെ സർവിസ്​. വരും വർഷങ്ങളിൽ മേഖലയിൽ ആയിരിക്കണക്കിന്​ ഡ്രൈവറില്ലാ വാഹനങ്ങൾ നിയോഗിക്കാനാണ്​ പദ്ധതി. മിഡിൽ ഈസ്റ്റിൽ 100 റോബോ ടാക്സികൾ ഉൾപ്പെടെ 150 ഡ്രൈവറില്ലാ ടാക്സികൾ നിലവിൽ ഉബർ പ്രവർത്തിപ്പിക്കുന്നുണ്ട്​.


Tags:    
News Summary - Robo-taxis can be booked through Uber in Dubai; commercial service to begin next year, test run continues successfully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.