ശൈഖ് സായിദ് റോഡിലെ  മേല്‍പ്പാലം തുറന്നു

ദുബൈ: വ്യാഴാഴ്ച രാവിലെ ശൈഖ് സായിദ് റോഡിലൂടെ ദുബൈ, ഷാര്‍ജ ഭാഗത്തേക്ക് പുറപ്പെട്ടവര്‍ ബിസിനസ് ബേ ഭാഗത്ത് എത്തിയപ്പോള്‍ അദ്ഭുതപ്പെട്ടിട്ടുണ്ടാകും. കഴിഞ്ഞ ദിവസം വരെ അടച്ചുകെട്ടി പണിതുകൊണ്ടിരുന്നു പാലം അതാ ഗതാഗതത്തിനായി തുറന്നിട്ടിരിക്കുന്നു. ദുബൈയുടെ മറ്റൊരു വിസ്മയം ആസ്വദിച്ചതിന്‍െറ ആഹ്ളാദത്തിലായിരുന്നു പിന്നീട് അവരുടെ യാത്ര. പാലം തുറക്കുന്നത് സംബന്ധിച്ച യാതൊരു മുന്നറിയിപ്പും ആര്‍.ടി.എ തലേന്നുവരെ നല്‍കിയിരുന്നില്ല.
ദുബൈ വാട്ടര്‍കനാല്‍ പദ്ധതിയുടെ ഭാഗമായി കനാലിന് കടന്നുപോകാനായി ശൈഖ് സായിദ് റോഡ് ഉയര്‍ത്തുന്ന ജോലിയിലെ മുഖ്യ ഘടകമാണ് ഈ മേല്‍പ്പാലം. 800 മീറ്റര്‍ നീളമുള്ള എട്ടുവരി പാലം റെക്കോഡ് വേഗത്തിലാണ് പണി പൂര്‍ത്തിയാക്കിയത്. മെട്രോ പാതയുടെ ഉയരത്തില്‍ അതിന് സമാന്തരമായാണ്  മേല്‍പാലം പണിതിരിക്കുന്നത്. അതേസമയം അബൂദബി ദിശയിലേക്കുള്ള എട്ടുവരി പാലത്തിന്‍െറ ജോലി ഉടന്‍ തുടങ്ങും. 
ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ആര്‍.ടി.എ ഉദ്ദേശിക്കുന്നത്. ഇതുകൂടി പൂര്‍ത്തിയായാല്‍ ശൈഖ് സായിദ് റോഡ് ദുബൈ കനാലിന് മുകളില്‍ എട്ടു മീറ്റര്‍ ഉയരത്തിലാകും. മൊത്തം 16 വരി പാതയാണ് മേല്‍പ്പാലങ്ങളിലുണ്ടാവുക.
3.2 കി. മീറ്റര്‍ നീളം വരുന്ന ദുബൈ വാട്ടര്‍ കനാലിന്‍െറ ഭാഗമായി അല്‍ വാസല്‍-ജുമൈറ റോഡുകളിലും മേല്‍പ്പാലങ്ങള്‍ പണിയുന്നുണ്ട്. ഇതിന്‍െറ ജോലിയും അവസാന ഘട്ടത്തിലാണ്. 
ദുബൈയുടെ മുഖച്ഛായ തന്നെ മാറ്റുന്ന കനാലിന്‍െറ നിര്‍മാണവും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സ്വപ്ന പദ്ധതികളിലൊന്നാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.