ദുബൈ: പശ്ചാത്തല സൗകര്യ വികസനത്തിന് വിപുല പദ്ധതികളുള്‍ക്കൊള്ളുന്ന, 3500 തൊഴിലവസരങ്ങള്‍ തുറക്കുന്ന 2017ലെ ദുബൈ പൊതു ബജറ്റിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. ബജറ്റ് നിയമം 17/2016 പ്രകാരം 47.3 ലക്ഷം കോടി ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. 2021നകം നടപ്പാക്കേണ്ട തന്ത്രപ്രധാന പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന ബജറ്റില്‍ പോയ വര്‍ഷത്തേക്കാള്‍ 27 ശതമാനം അധികം തുകയാണ് പശ്ചാത്തല സൗകര്യ വികസനത്തിനായി ചെലവിടുക. എക്സ്പോ 2020 ന് മുന്നോടിയായി സാധ്യമാക്കേണ്ട സൗകര്യങ്ങള്‍ ചിട്ടയായി നടപ്പാക്കാന്‍ ഈ കാലയളവില്‍ പദ്ധതികളുണ്ടാവും. സന്തോഷകരവും സംതൃപ്തവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക, പാര്‍പ്പിടം എന്നിവ ഉള്‍പ്പെടെയുള്ള സാമൂഹിക സേവന മേഖലക്കായി മൊത്തം ചെലവിന്‍െറ 34 ശതമാനം വകയിരുത്തും. ജനങ്ങളും അവരുടെ ക്ഷേമവുമാണ് രാജ്യത്തിന്‍െറ സമ്പത്ത് എന്ന ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്‍െറ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സാമൂഹിക മേഖലക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നത്. സുരക്ഷ, നീതി, സംരക്ഷണ എന്നിവക്കായി ബജറ്റിന്‍െറ 21 ശതമാനം വിധിയോഗിക്കും.
ക്രിയാത്മകതമായ നൂതനാശയങ്ങള്‍ വികസിപ്പിക്കുന്നതിനും ഉല്‍കൃഷ്ഠത ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. ഇക്കുറി എട്ടു ശതമാനം ചെലവ് ഈ വിഭാഗങ്ങളിലായിരിക്കും.
പോയ വര്‍ഷത്തെക്കാള്‍ മൂന്നു ശതമാനം അധിക തുകയാണ് സര്‍ക്കാര്‍ ഇക്കുറി ചെലവിടുക. ദുബൈയുടെ വ്യാപനത്തിന്‍െറയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനുള്ള സന്നദ്ധതയുടെയും പ്രതിഫലനമാണിതെന്ന് ധനകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ സാലിഹ് അല്‍ സാലിഹ് പറഞ്ഞു. 2.9 ലക്ഷം കോടിയുടെ കമ്മി ബജറ്റിനുണ്ട്. പശ്ചാത്തല സൗകര്യ വികസനത്തിന് വന്‍ തുക വകയിരുത്തിയതിനാലാണിത്.
സുതാര്യതയും കര്‍മശേഷിയും മികച്ച സേവനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കൂടുതല്‍ പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കും.
വരുമാനത്തിന്‍െറ 76 ശതമാനവും വിവിധ സര്‍ക്കാര്‍ ഫീസുകള്‍ വഴിയാണ് പ്രതീക്ഷിക്കുന്നത്. നികുതി, കസ്റ്റംസ് മേഖലയില്‍ നിന്ന് 16 ശതമാനം ലക്ഷ്യമിടുന്നു. ആറു ശതമാനം മാത്രമാണ് എണ്ണയില്‍ നിന്ന്. സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം രണ്ടു ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.