വിമാനം കത്തിയമരുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ വൈറലായി- വിഡിയോ

ദുബൈ: കത്തിയമര്‍ന്ന തിരുവനന്തപുരം-ദുബൈ വിമാനം ഇടിച്ചിറക്കുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ വൈറലായി. ഏതോ യാത്രികന്‍ പകര്‍ത്തിയ ആ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. അപകടം മുന്നില്‍കണ്ട നിമിഷങ്ങളില്‍ യാത്രക്കാര്‍ അവരുടെ ബാഗുകൂടി എടുത്തുകൊണ്ടു രക്ഷപ്പെടുന്ന ആ ദൃശ്യങ്ങള്‍ക്ക് മാനങ്ങള്‍ പലതാണ്. തങ്ങളുടെ ജീവന്‍െറ തന്നെ വിലയുള്ള പല രേഖകളും ബാഗുകളിലുണ്ടായിരുന്നു. അവ കൂടി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. ദുബൈ വിമാനദുരന്തത്തിന്‍െറ  ഭീകരത ലോകത്തെ അറിയിക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയതും ഈ ദൃശ്യങ്ങള്‍ തന്നെ.  

 അപകടം സംഭവിക്കുന്നതിന്‍െറ തൊട്ടുമുമ്പുവരെ യാത്രക്കാര്‍ക്ക് വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ളെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.  വിമാനത്തിന്‍െറ പൈലറ്റും ക്രൂ അംഗങ്ങളും യാത്രക്കാരോട് പുറത്തേക്കിറങ്ങി രക്ഷപ്പെടൂയെന്ന് അലറി വിളിക്കുന്നതും  അപകടത്തിന്‍െറ ഭീകരത അറിയാതെ തലക്കുമുകളിലെ ലോക്കറുകളില്‍ നിന്ന് യാത്രക്കാര്‍ ബാഗുകള്‍ എടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.  ഇതിനിടെ കുട്ടികളുടെയും യാത്രക്കാരുടെയും കരച്ചിലുമുയര്‍ന്നു. ആര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പൈലറ്റും ഇക്കാര്യം വെളിപ്പെടുത്തിയില്ല. യാത്രക്കാര്‍ തിരക്ക് കൂട്ടുന്നതിനിടെ  ബോയിങ് 777 വിമാനത്തിന്‍െറ വലതുവശത്തെ എന്‍ജിന്‍ പൊട്ടിത്തെറിച്ച് വിമാനത്തില്‍ തീപടര്‍ന്നു തുടങ്ങിയിരുന്നു. കാബിനകത്തേക്ക് പുക കയറി വരുമ്പോഴും യാത്രക്കാര്‍ ബാഗ് എടുക്കാനുള്ള ശ്രമം നടത്തിയിരുന്നു.  എന്നാല്‍ ‘ എല്ലാം വിട്ടേക്കൂ, ബാഗ് അവിടെയിടൂ, പുറത്തേക്ക് ചാടി രക്ഷപ്പെടൂ, ചാടൂ, ചാടൂ എന്ന് വിമാനത്തിലെ ജീവനക്കാര്‍ അലറി വിളിച്ചു. തുടര്‍ന്ന്  ഓരോരുത്തരായി എമര്‍ജന്‍സി എക്സിറ്റിലൂടെ പുറത്തേക്ക് ചാടാന്‍ തുടങ്ങി.


വീഡിയോ ചിത്രീകരിച്ച വ്യക്തിയും വിമാനത്തില്‍ നിന്ന് ചാടുന്നത് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളോട് പുറത്തേക്ക് ചാടാന്‍ വനിത ജീവനക്കാരി ആവശ്യപ്പെടുന്നതും വ്യക്തമാണ്. തുടര്‍ന്ന് ‘കാമറമാന്‍’ പുറത്തേക്ക് പോകുന്നതിനൊപ്പം മറ്റ് യാത്രക്കാരും പരിഭ്രാന്തരായി ടാര്‍മാകിലൂടെ ഓടുന്നതും കാണാം.  അപ്പോഴേക്കും തീ വിമാനത്തിന്‍െറ വലതുവശത്തെ  എഞ്ചിന്‍ഭാഗത്തെ വിഴുങ്ങിയിരുന്നു. പിന്നീട് വിമാനത്തെച്ചുറ്റി വന്‍ തീഗോളം പ്രത്യക്ഷപ്പെട്ടു.  അപകടത്തില്‍ ഒരു അഗ്നിശമന ജീവനക്കാരന്‍ മരിച്ചപ്പോള്‍ വിമാനത്തിലെ ക്രൂ അംഗങ്ങളടക്കം 300 യാത്രക്കാരും  രക്ഷപ്പെട്ടു. വന്‍ ശബ്ദം കേട്ടുവെന്നും അപകടത്തെ കുറിച്ച് അറിയിപ്പ് കേട്ടിട്ടില്ളെന്നും യാത്രക്കാര്‍ അറിയിച്ചു. വിമാനത്തില്‍ നിന്നുണ്ടായ ശബ്ദം  സാധാരണ ഇറങ്ങുമ്പോഴുണ്ടാകുന്നതാണെന്നാണ് പലരും കരുതിയത്.  ഇതാണ് അവസാന നിമിഷവും യാത്രക്കാര്‍ക്ക് ആശങ്കയില്ലാതിരുന്നതിന് കാരണം. അതേസമയം, അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ലഗേജുകള്‍ ശേഖരിക്കാനുള്ള യാത്രക്കാരുടെ തിരക്കിന്‍െറ ദൃശ്യങ്ങള്‍ മലയാളികളെ കണക്കറ്റ് പരിഹസിക്കുന്ന തരത്തിലാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയയും അത് ഏറ്റുപിടിച്ചു.


വിമാനം തിരുവനന്തപുരത്തുനിന്ന്  പറന്നത് സുരക്ഷ ഉറപ്പുവരുത്തിയശേഷം
തിരുവനന്തപുരം: ദുബൈയില്‍ അഗ്നിക്കിരയായ എമിറേറ്റ്സിന്‍െറ 777 ബോയിങ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത് സുരക്ഷ ഉറപ്പുവരുത്തിയശേഷമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍. ദുബൈയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനം യാത്രക്കാരെ ഇറക്കി ഏപ്രണില്‍ എത്തിച്ച് എമിറേറ്റ്സിന്‍െറ ഗ്രൗണ്ട് എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിയശേഷമാണ് അടുത്ത സര്‍വിസിന് റണ്‍വേയിലേക്ക് മാറ്റിയത്.  എമിറേറ്റ്സ് വിമാനത്തിലെ ചെക് ലിഫ്റ്റ് പൈലറ്റ് കമാന്‍ഡര്‍ അംഗീകരിച്ചശേഷമാണ് ടേക് ഓഫ് നടത്തിയത്. ടേക് ഓഫ് നടത്തിയപ്പോള്‍ വിമാനത്തിന്‍െറ അണ്ടര്‍ ഗാരേജ് പ്രവര്‍ത്തിച്ചിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ വിടുന്നതുവരെ സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതായി വിമാനത്തില്‍നിന്ന് സന്ദേശങ്ങള്‍ എത്തിയിരുന്നുമില്ല. ആധുനിക എയര്‍ക്രാഫ്റ്റില്‍ സാങ്കേതിക തകരാറുണ്ടായാല്‍ പെട്ടെന്ന് കോക്പിറ്റില്‍ അറിയാനാവുമെന്ന് ഗ്രൗണ്ടിങ് വിഭാഗം വിദഗ്ധര്‍ പറയുന്നു. കത്തിയ വിമാനം ഈ വിഭാഗത്തില്‍പെട്ടതാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.