അബൂദബി: ഒരു ലക്ഷം കുവൈത്തി ദീനാറിന്‍െറ കള്ളനോട്ടുകള്‍ അബൂദബി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 36കാരനായ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിന്‍െറ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. ബ്രിട്ടീഷുകാരായ അച്ഛനും മകനും രണ്ട് ഇന്ത്യക്കാരുമാണ് പിടിയിലായ മറ്റുള്ളവര്‍. പെര്‍ഫ്യൂം സ്റ്റോറിലെ മാര്‍ക്കറ്റിങ് മാനേജറും സെയില്‍സ്മാനുമാണ് പിടിയിലായ ഇന്ത്യക്കാര്‍. വ്യാജ കുവൈത്തി ദീനാറിന്‍െറ 2000 നോട്ടുകളുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. 12 ലക്ഷം ദിര്‍ഹത്തിന് ഇവ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് അബൂദബി പൊലീസിന്‍െറ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. കള്ളനോട്ട് റാക്കറ്റിനെ കുറിച്ച് കഴിഞ്ഞ മാസം അവസാനം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്ന് കുറ്റാന്വേഷണ വിഭാഗം മേധാവി ലെഫ്റ്റനന്‍റ് കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശീദ് പറഞ്ഞു. ഒരു ലക്ഷം കുവൈത്തി ദീനാറിന്‍െറ കള്ളനോട്ടുകള്‍ 12 ലക്ഷം ദിര്‍ഹത്തിന് കൈമാറാന്‍ ശ്രമിക്കുന്നതായായിരുന്നു വിവരം ലഭിച്ചത്. കറന്‍സികളെ കുറിച്ചും എക്സ്ചേഞ്ച് നിരക്കിനെ കുറിച്ചും കാര്യമായ വിവരം ഇല്ലാത്തവരെ പറ്റിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വ്യക്തമായി. ഇതോടെ സി.ഐ.ഡി ഉദ്യോഗസ്ഥന്‍ കുവൈത്തി ദീനാര്‍ വാങ്ങാനത്തെിയതായി ചമഞ്ഞ് പ്രതികളിലൊരാളെ സമീപിക്കുകയായിരുന്നു. ഇയാള്‍ മറ്റ് നാല് പേരോടൊപ്പം കള്ളനോട്ടുകള്‍ വെച്ച സ്ഥലം കാണിച്ചുകൊടുത്തു. തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും താമസ സ്ഥലത്ത് പരിശോധന കണ്ടത്തെുകയുമായിരുന്നു.
താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കള്ളനോട്ട് അച്ചടിക്കാനുള്ള യന്ത്രങ്ങളും ജി.സി.സി രാജ്യങ്ങള്‍, അമേരിക്ക, ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വ്യാജ കറന്‍സികള്‍ പിടികൂടുകയുമായിരുന്നു.
പൊലീസിന്‍െറ ചോദ്യം ചെയ്യലില്‍ ചില പ്രതികള്‍ മാത്രമാണ് കുറ്റം സമ്മതിച്ചത്. മറ്റ് ചിലര്‍ ലാഭത്തിന് വേണ്ടി കച്ചവടത്തില്‍ പങ്കാളികളാകുക മാത്രമാണ് ചെയ്തതെന്നും കറന്‍സികള്‍ വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നും വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.