തുറമുഖങ്ങള്‍ക്ക് ഏകീകൃത നിയമം കൊണ്ടുവരുന്നു: മന്ത്രി

ദുബൈ: യു. എ. ഇയിലെ എല്ലാ തുറമുഖങ്ങള്‍ക്കും ഏകീകൃത നിയമം വരുന്നു.  രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അവയെ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ കൊണ്ടു വരുന്ന നിയമം അടുത്ത വര്‍ഷം പാസാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 
ഇതിലൂടെ രാജ്യത്തെ തുറമുഖങ്ങള്‍ക്ക് ഈ മേഖലയില്‍ മേല്‍ക്കോയ്മ നേടിയെടുക്കാനാകുമെന്നു അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ഫെഡറല്‍ അതോറിറ്റി ഓഫ്  സീ ആന്‍റ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടറുമായ ഡോ. അബ്ദുല്ല ബല്‍ഹീഫ് അന്നുഐമി ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞു.  മധ്യ പൗരസ്ത്യ ദേശത്തെ ആകെ കൈകാര്യം ചെയ്യപ്പെടുന്ന കണ്ടെയ്നറുകളിലും  സാധനസാമഗ്രികളിലും 60  ശതമാനവും യു.എ. ഇ തുറമുഖങ്ങളിലാണ് നടക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ചിലത് യു. എ. ഇ.ക്ക് സ്വന്തമാണ്. അത്യാധുനിക യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചാണ് അവയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് തുറമുഖ മേഖല. അടുത്ത കാലത്തായി ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയും ഇത് തന്നെ.
രാജ്യത്ത് ആകെ 12  തുറമുഖങ്ങളില്‍ എട്ടെണ്ണവും ലോകത്തിലെ ഏറ്റവും വലിയ കച്ചവട കപ്പലുകള്‍ക്ക് അടുക്കാന്‍ പറ്റുന്നതാണ്. 
പ്രതി വര്‍ഷം എട്ടു കോടി ടണ്‍ വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ തക്ക പ്രാപ്തിയുള്ളവയാണ് രാജ്യത്തെ തുറമുഖങ്ങള്‍. 45  കിലോമിറ്റര്‍ നീണ്ടു കിടക്കുന്ന 310  ബര്‍ത്തുകളുണ്ട്. 5000  കമ്പനികള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ജബല്‍ അലി തുറമുഖത്ത് മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.