വീട്ടുപകരണങ്ങള്‍ ഫോണില്‍ നിയന്ത്രിക്കാന്‍ സ്മാര്‍ട്ട് ലിവിങ് പാക്കേജുകളുമായി ഇത്തിസാലാത്ത്

ദുബൈ: വീടു പൂട്ടിയിറങ്ങിയ ശേഷം വിളക്കും എ.സിയും ഓഫാക്കിയോ എന്ന സംശയം വന്നാല്‍ ഇനി ടെന്‍ഷനടിക്കേണ്ട. ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും നിങ്ങള്‍ക്ക് വീട്ടിലെ വിളക്കും എ.സിയും നിയന്ത്രിക്കാവുന്ന  സ്മാര്‍ട്ട് ലിവിങ് സംവിധാനം പ്രമുഖ ടെലികോം സേവനദാതാക്കളായ ഇത്തിസാലാത്ത് പുറത്തിറക്കി. 
പൈപ്പ് പൊട്ടി വെള്ളം പോകുന്നുണ്ടെങ്കിലും പൂട്ടിയ വീട്ടിനകത്ത് ആള്‍പെരുമാറ്റമുണ്ടായാലും നിങ്ങളെ വിവരമറിയിക്കും. കാമറയിലൂടെ വീടിനകത്ത് നടക്കുന്നതെല്ലാം നിങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ കാണാം. ഫോണ്‍ വഴി തന്നെ വീടിന്‍െറ വാതില്‍ തുറക്കാനും പൂട്ടാനുമെല്ലാം സാധിക്കുന്ന ഈ അത്യാധുനിക സംവിധാനം ജൈറ്റക്സ് സാങ്കേതിക മേളയിലാണ് അവതരിപ്പിച്ചത്. 
ഇത്തിസാലാത്ത് വരിക്കാര്‍ക്ക് മാസം 99 ദിര്‍ഹം മുതല്‍ അടച്ചാല്‍ ഈ സൗകര്യങ്ങള്‍ ലഭിക്കും. മൂന്നു പാക്കേജുകാണുള്ളത്. ഐ ഹോം എന്ന ആദ്യ പാക്കേജില്‍ ഒരു അകം കാമറ, വാതില്‍ സെന്‍സര്‍, ചലനം പിടിച്ചെടുക്കുന്ന സെന്‍സര്‍ ഒരു കണ്‍ട്രോളര്‍ എന്നിവയാണുണ്ടാവുക. രണ്ടു വര്‍ഷത്തേക്ക് 2187 ദിര്‍ഹമാണ് നിരക്ക്. ഒന്നിച്ചടക്കാന്‍ പറ്റില്ളെങ്കില്‍ തുടക്കത്തില്‍ 999 ദിര്‍ഹവും പ്രതിമാസം 99 ദിര്‍ഹവും നല്‍കിയാല്‍ മതി.
എയര്‍ കണ്ടീഷന്‍ വിദൂരത്തിരുന്ന് നിയന്ത്രിക്കാന്‍ സാധിക്കുന്ന കൂള്‍ ഹോം ആണ് രണ്ടാമത്തെ പാക്കേജ്. ഒരു കണ്‍ട്രോളറും രണ്ട് തെര്‍മോസ്റ്റാറ്റുമാണ് ഇതിനുവേണ്ട ഉപകരണങ്ങള്‍. 2299 ദിര്‍ഹമാണ് രണ്ടുവര്‍ഷത്തെ നിരക്ക്.
 അല്ളെങ്കില്‍ ആദ്യം 999 ദിര്‍ഹവും പ്രതിമാസം 109 ദിര്‍ഹവും അടക്കണം. വീടിന്‍െറ സുരക്ഷക്ക് ഊന്നല്‍ നല്‍കുന്ന സേഫ് ഹോം ആണ് മൂന്നാമത്തെ പാക്കേജ്. 
വെള്ളം, പുക എന്നിവയെല്ലാം അസ്വാഭാവികമായി പുറത്തുവന്നാല്‍ സൈറണ്‍ മുഴക്കുന്ന സംവിധാനമാണ് ഇതിന്‍െറ സവിശേഷത. പുറമെ വാതില്‍ വിദൂരത്ത് നിന്നു തുറക്കാനും അടക്കാനും സാധിക്കും. നിരക്ക് 2749 ദിര്‍ഹം. 
അല്ളെങ്കില്‍ ആദ്യം 999 ദിര്‍ഹവും പ്രതിമാസം 149 ദിര്‍ഹവും. ഇവ സൗജന്യമായി ഘടിപ്പിക്കുന്നതിനൊപ്പം ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് പരിശീലനവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ കുടുതല്‍ കാമറയും സെന്‍സറുകളും സൈറണുകളും കൂടുതല്‍ തുക നല്‍കി ഘടിപ്പിക്കാനും സൗകര്യമുണ്ട്. 
ഈ മാസം 25 മുതല്‍ ഇത്താസാലാത്തിന്‍െറ എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും പുതിയ സൗകര്യം ലഭിക്കും. ലോക പ്രശസ്ത ഹോം ഓട്ടോമേഷന്‍ സൊല്യുഷന്‍സ് ദാതാക്കളായ പോളണ്ടിലെ ഫിബാറോയുമായി സഹകരിച്ചാണ് ഈ സംവിധാനം യു.എ.ഇയില്‍ നടപ്പാക്കുന്നതെന്ന് കണ്‍സ്യൂമര്‍ പ്രൊഡക്്ട് ഇന്നവേഷന്‍ വൈസ് പ്രസിഡന്‍റ് റശീദ് അല്‍ അബ്ബാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ www.etisalat.ae/smartliving എന്ന സൈറ്റില്‍ നിന്ന് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT