അബൂദബിയില്‍ സ്വദേശിയുടെ വസതിയില്‍ നിന്ന് 26 ലക്ഷം ദിര്‍ഹം കവര്‍ന്ന നാല് വീട്ടുജോലിക്കാരികള്‍ പിടിയില്‍

അബൂദബി: തലസ്ഥാന നഗരിയില്‍ സ്വദേശിയുടെ വസതിയില്‍ നിന്ന് 26 ലക്ഷം ദിര്‍ഹം കവര്‍ന്ന കേസില്‍ നാല് വീട്ടുജോലിക്കാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പൈന്‍സ് സ്വദേശിനികളാണ് അറസ്റ്റിലായത്. ഇവരുടെ സ്പോണ്‍സറും കുടുംബവും മൂന്നാഴ്ചത്തേക്ക് വിദേശത്തേക്ക് പോയ സമയത്താണ് മോഷണം നടന്നത്. പിടിയിലായവരില്‍ മൂന്ന് പേര്‍ സ്വദേശി പൗരന്‍െറ വീട്ടിലെ ജോലിക്കാരികളും ഒരാള്‍ മറ്റൊരിടത്ത് ജോലി ചെയ്യുന്ന സ്ത്രീയുമാണ്. 
കുടുംബം വിദേശയാത്രക്ക് പോയ സമയം പ്രധാന പ്രതി വീട്ടിലെ മറ്റ് രണ്ട് ജോലിക്കാരികളുടെ സഹായത്തോടെ മോഷണം നടത്തുകയായിരുന്നുവെന്ന് കാപിറ്റല്‍ പൊലീസ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സൈഫ് ബിന്‍ സെയ്ത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. മറ്റൊരിടത്ത് ജോലി ചെയ്തിരുന്ന ഫിലിപ്പൈന്‍സ് സ്വദേശിനി പുറത്ത് നിന്ന് സഹായം ചെയ്തു നല്‍കുകയായിരുന്നു. വേനല്‍ക്കാല അവധിക്ക് കുടുംബങ്ങള്‍ ഒന്നാകെ വിദേശ രാജ്യങ്ങളില്‍ പോകുമ്പോഴാണ് കൂടുതല്‍ മോഷണങ്ങളും നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശി കുടുംബം വിദേശയാത്ര കഴിഞ്ഞ് മടങ്ങിയത്തെിയപ്പോഴാണ് 26 ലക്ഷം ദിര്‍ഹം നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍ ഖാലിദിയ്യ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. 
കുടുംബത്തിന്‍െറ പരാതിയെ തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയിലും അന്വേഷണത്തിലുമാണ് വീട്ടില്‍ തന്നെ ജോലി ചെയ്തിരുന്ന പ്രധാന പ്രതിയെ കുറിച്ച് സൂചന ലഭിച്ചതെന്ന് ഖാലിദിയ്യ പൊലീസ് സ്റ്റേഷന്‍ മേധാവി ലെഫ്റ്റനന്‍റ് കേണല്‍ മുസ്ലിം മുഹമ്മദ് അല്‍ അമീരി പറഞ്ഞു. പണം വെച്ചിരുന്ന അലമാരയുടെ താക്കോല്‍ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് ഈ വീട്ടുജോലിക്കാരിക്ക് അറിയാമായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. ഇതനുസരിച്ച് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി നാല് പ്രതികളെയും പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 
അവധിക്ക് വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. വീട് അടച്ചിട്ടുപോകുന്നവര്‍ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പരമാവധി സുരക്ഷതിത്വത്തിലാണെന്ന് ഉറപ്പുവരുത്തിയിരിക്കണം. വലിയ തുകകള്‍ വീടുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.