ശൈഖ് സുല്‍ത്താന്‍ ഏറ്റെടുത്തിരിക്കുന്നത് അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയെന്ന വെല്ലുവിളി -സാദിഖലി തങ്ങള്‍

ഷാര്‍ജ: വായന മരിക്കുന്നുവെന്ന് വ്യാകുലപ്പെടുന്ന വര്‍ത്തമാന കാലത്ത് അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയെന്ന വെല്ലുവിളിയാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഏറ്റെടുത്തിരിക്കുന്നതെന്ന്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇസ്ലാമിന്‍െറ വൈജ്ഞാനിക പാരമ്പര്യം പ്രാവര്‍ത്തികമാക്കുന്ന രാഷ്ട്ര നായകനാണ് ശൈഖ് സുല്‍ത്താന്‍. ഇസ്ലാമിക സമൂഹം വൈജ്ഞാനിക മേഖലയില്‍ ശക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്ര്.  ഭരണ സാരഥ്യം അവര്‍ക്ക് വൈജ്ഞാനിക സാരഥ്യം കൂടിയായിരുന്നു. ഇസ്ലാമിക സ്പെയിനിന്‍െറ വൈജ്ഞാനിക ചരിത്രം പരതുന്ന ആരും അല്‍ഭുതപ്പെട്ടുപോകും. ബഗ്ദാദ്, കൂഫ, സമര്‍ഖന്ദ്, ബുഖാറ, ഈജിപ്ത്, ബസറ തുടങ്ങിയ ഇസ്ലാമിക നാഗരികതകളും വിജ്ഞാനത്തിന്‍െറ അടയാള ഗോപുരങ്ങളായി ഉയര്‍ന്നു നിന്നിരുന്നു. എന്നാല്‍ അധിനിവേശശക്തികള്‍ ഇതെല്ലാം പിന്നീട് തച്ചുടച്ചു. അധിനിവേശം ആദ്യം നശിപ്പിക്കുന്നത് ഗ്രന്ഥാലയങ്ങളെയാണെന്ന് തിരിച്ചറിയാന്‍ സ്പെയിനിന്‍െറ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. 
ഷാര്‍ജയിലെ 32,000 വീടുകളില്‍ ലൈബ്രറികള്‍ സ്ഥാപിച്ച ഷാര്‍ജ ഭരണാധികാരിയുടെ മഹാമനസ്സിനെ എങ്ങനെ പുകഴ്ത്തിയാലും മതിയാവില്ല. നമ്മുടെ വീടുകളില്‍ പ്രാര്‍ഥനാമുറികള്‍ക്കോപ്പം വായനാ മുറികള്‍ കൂടി ഒരുക്കാന്‍ തയാറെടുക്കണം.  പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍ കുറുപ്പ്, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാര്‍, സയ്യിദ് ശുഐബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.