ഉല്ലാസ രാവുകള്‍ വരവായി

ദുബൈ: ദുബൈയില്‍ ‘ആഗോള ഗ്രാമം’ 20ാം തവണയും പുനര്‍ജനിക്കുന്നു. 159 ദിവസം നീളുന്ന, അറബ് മേഖലയിലെ ഏറ്റവും വലിയ കുടുംബ,വിനോദ, പ്രദര്‍ശന, വിപണന മേളയായ ‘ഗ്ളോബല്‍ വില്ളേജി’ന് ചൊവ്വാഴ്ച കൊടിയേറും. 
അടുത്ത ജനുവരി ഒന്നിന് തുടങ്ങുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ പ്രധാന ആകര്‍ഷണമായി, അതിന് മുന്നോടിയായി തുടങ്ങുന്ന ഗ്ളോബല്‍ വില്ളേജിന്‍െറ 20ാം പതിപ്പ് ദുബൈയില്‍ അഞ്ചരമാസത്തോളം ഉല്ലാസ രാവുകള്‍ തീര്‍ക്കും. 2016 ഏപ്രില്‍ ഒമ്പത് വരെ നടക്കുന്ന മേളയില്‍ വിവിധ ലോക രാജ്യങ്ങളുടെ പവലിയനുകളും അവിടെ നിന്നുള്ള കലാ, സാംസ്കാരിക പരിപാടികളും പ്രദര്‍ശന,വിപണന സ്റ്റാളുകളമുണ്ടാകും. 
ലോക പ്രശസ്ത കലാകാരന്മാരുടെയും ഗായകരുടെയും പരിപാടികളായിരിക്കും മറ്റൊരു ആകര്‍ഷണം. ഇന്ത്യയില്‍ നിന്ന് ശ്രേയ ഘോഷാല്‍ ഗാനവിരുന്നൊരുക്കാന്‍ എത്തുന്നുണ്ട്.
ഇതുവരെ നടന്നതില്‍ നിന്ന് വ്യത്യസ്തവും പുതുമ നിറഞ്ഞതുമാണ് ആഗോള മേളയുടെ 20ാം എഡിഷനെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അഹമ്മദ് ഹുസൈന്‍ ബിന്‍ ഇസ  ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 75 ലേറെ രാജ്യങ്ങളുടെ സാന്നിധ്യം ഇത്തവണയുണ്ടാകും. 32 പ്രത്യേക പവലിയനുകളില്‍ റഷ്യയും ജപ്പാനും കന്നിക്കാരായത്തെും. ഇന്തോനേഷ്യയും ഫലസ്തീനും ഒരിടവേളക്ക് ശേഷം തിരിച്ചത്തെുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വര്‍ഷത്തെയും പോലെ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഇന്ത്യയും പുതുമയുള്ള പവലിയനാണ് ഒരുക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12,000 കലാ സാംസ്കാരിക പരിപാടികള്‍ മേളയില്‍ അരങ്ങേറും.  50 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 1.70 കോടി ചതുരശ്ര അടിയാണ് മേള നഗരിയുടെ മൊത്തം വിസ്തൃതി. സന്ദര്‍ശകര്‍ക്ക് കാറ്റുകൊള്ളാനും ഇരിക്കാനുമായി കൂടുതല്‍ വിപുലമായ പുല്‍ത്തകിടികളുണ്ടാകും. 22,000 ചതുരശ്ര മീറ്ററില്‍ പുല്‍ത്തകിടിയായിരിക്കും.
ഉല്ലാസമേളക്ക് കൊഴുപ്പ് കൂട്ടാന്‍ രുചിയുടെ വലിയ ലോകവും നഗരിയിലുണ്ടാകും. 20 വലിയ റസ്റ്റോറന്‍റുകളും 100 കിയോസ്ക്കുമാണ് ഭക്ഷണ പാനീയങ്ങള്‍ക്കായി ഒരുക്കുന്നത്. മൊത്തം 3500 ലേറെ വില്‍പ്പന സ്റ്റാളുകളാണ് ആഗോള ഗ്രാമത്തിലുണ്ടാവുക. ആധുനിക രീതിയിലുള്ള ആറു  ശുചിമുറികളും രണ്ടു പ്രാര്‍ഥനാ മുറികളുമുണ്ടാകും. കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറുന്ന മുഖ്യ വേദിയില്‍ മെച്ചപ്പെട്ട ദൃശ്യ,ശ്രാവ്യ അനുഭവം സമ്മാനിക്കുന്ന സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു. വേദിയില്‍ നിന്ന് എത്ര ദൂരത്ത് നിന്നാലും മുന്‍ നിരയില്‍ നിന്നാസ്വദിക്കുന്ന അനുഭവമായിരിക്കും.  കലാ സംഗീത വിരുന്നൊരുക്കാന്‍ എത്തുന്ന പ്രമുഖരില്‍ ശ്രേയ ഘോഷാലിന് പുറമെ സാദ് ലാം ജറാദ്, ഫാറസ് കറാം, ബല്‍കീസ്, മുഹമ്മദ് അസ്സഫ്, അബ്ദുല്ല റുവൈഷിദ് തുടങ്ങിയവരുണ്ടാകും. വേദികളിലെ പരിപാടികള്‍ക്ക് പുറമെ തെരുവു ഷോകളുമുണ്ടാകും. ബോളിവുഡ് സംഗീതമേളയാണ് മറ്റൊരു ആകര്‍ഷണം.
 വ്യാഴം, വെള്ളി ദിവസങ്ങളില്‍ കരിമരുന്ന് പ്രയോഗം ആകാശം വര്‍ണാഭമാക്കും. 
10,000 ത്തോളം ജീവനക്കാരാണ് സന്ദര്‍ശകരെ സഹായിക്കാനായി ഉണ്ടാവുക.
ഫാന്‍റസി ഐലന്‍റില്‍ പുതിയ നിരവധി  ഉല്ലാസ റൈഡുകളുണ്ടാകും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകപ്രശസ്തരായ  മെല്ളേര്‍സ് എന്‍റര്‍ടൈന്‍മെന്‍റാണ് ഇത്തവണയും ‘അദ്ഭുത ദ്വീപ്’ ഒരുക്കുന്നത്. ക്രേസി ഗോള്‍ഫ്, ഗോസ്റ്റ് ട്രെയിന്‍, ലൂപ് ഫൈറ്റര്‍ എന്നിവയാണ് പുതുതായി എത്തുന്ന വിനോദ റൈഡുകള്‍.  
പത്ത് ലക്ഷത്തിലധികം ദിര്‍ഹത്തിന്‍െറ സമ്മാനങ്ങളുമായാണ്,ഗ്ളോാബല്‍ വില്ളേജ് ആഘോഷങ്ങള്‍ക്ക് നാളെ കൊടിയേറുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.