അബൂദബിയിൽ ആരംഭിച്ച ബ്രിഡ്ജ് ഉച്ചകോടിയിൽനിന്ന്
അബൂദബി: യു.എ.ഇ നാഷനല്‍ മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന ബ്രിഡ്ജ് ഉച്ചകോടിക്ക് അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) തുടക്കമായി. ഡിസംബര്‍ എട്ടിന് ആരംഭിച്ച ഉച്ചകോടി പത്തിന് സമാപിക്കും. യു.എ.ഇ നാഷനല്‍ മീഡിയ ഓഫിസ് ഡയറക്ടര്‍ ജനറലും ബ്രിഡ്ജ് ഡെപ്യൂട്ടി ചെയര്‍മാനുമായ ഡോ. ജമാല്‍ മുഹമ്മദ് ഉബൈദ് അല്‍ കാബി സ്വാഗതം ആശംസിച്ചു. ബ്രിഡ്ജ് ജനിച്ചത് ഒരാലോചനയില്‍ നിന്നല്ലെന്നും സ്വപ്നത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
182 രാജ്യങ്ങളില്‍ നിന്നായി 55000 രജിസ്ട്രേഷനുകളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാനൂറിലധികം അന്തര്‍ദേശീയ പ്രഭാഷകരും മുന്നൂറോളം പ്രദര്‍ശകരും ഉച്ചകോടിയില്‍ സംബന്ധിക്കും. മാധ്യമം, സംഗീതം, ഗെയിമിങ്, സാങ്കേതികവിദ്യ, മാര്‍ക്കറ്റിങ്, വിഷ്വല്‍ സ്റ്റോറി ടെല്ലിങ്, ക്രിയേറ്റര്‍ ഇക്കോണമി എന്നിങ്ങനെ ഏഴ് പ്രധാന വിഷയങ്ങളിലായാണ് ഉച്ചകോടിയില്‍ പ്രഭാഷണങ്ങളും പ്രദര്‍ശനവും മറ്റും നടക്കുക.
ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന പ്രദര്‍ശനങ്ങളും യു.എ.ഇ പൈതൃകത്തിലൂന്നിയ സംഗീത, നൃത്ത പരിപാടികളും കാണാനായി വരുംദിവസങ്ങളിലായി ആയിരക്കണക്കിന് പേര് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മാധ്യമങ്ങളെ ഉയര്‍ത്താനും വിശ്വാസം വളര്‍ത്താനും ആഗോള വ്യവസായത്തിന് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു സ്ഥാനം നല്‍കാനുമുള്ള പ്രതിബദ്ധതയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.