ദുബൈ: പുതുവത്സര,വാരാന്ത്യ അവധി ദിനങ്ങളില്‍ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ജനുവരി ഒന്ന് വെള്ളിയാഴ്ചയായതിനാല്‍ തന്നെ ആര്‍.ടി.എ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വ്യാഴാഴ്ച അടച്ചാല്‍ ഞായറാഴ്ചയേ തുറക്കൂ. ദുബൈയിലെ മുഴുവന്‍ പാര്‍ക്കിങ് കേന്ദ്രങ്ങളിലും (ഫിഷ് മാര്‍ക്കറ്റ്, ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകളും ഒഴികെ) ജനുവരി ഒന്നിന് പാര്‍ക്കിങ് സൗജന്യമായിരിക്കും.
വാഹന ടെസ്റ്റിങ്, രജിസ്ട്രേഷന്‍ സെന്‍ററുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും. എന്നാല്‍ ഖിസൈസ്, അല്‍ബര്‍ഷ തസ്ജീല്‍ കേന്ദ്രങ്ങളും ഖിസൈസിലെ ക്വിക് വെഹിക്കില്‍ ടെസ്റ്റിങ്, രജിസ്ട്രേഷന്‍ കേന്ദ്രങ്ങളും ദുബൈ മാളിലെ പ്ളാറ്റിനം ടെസ്റ്റിങ് കേന്ദ്രവും അവധി ദിവസവും പ്രവര്‍ത്തിക്കും.
ദുബൈ മെട്രോ
ഗ്രീന്‍ ലൈനില്‍ വ്യാഴാഴ്ച രാവിലെ 5.50 മുതല്‍ വെള്ളിയാഴ്ച രാത്രി ഒരു മണി വരെയും റെഡ് ലൈനില്‍ വ്യാഴാഴ്ച രാവിലെ 5.30 മുതല്‍ വെള്ളിയാഴ്ച രാത്രി ഒരു മണി വരെയും വണ്ടികള്‍ സര്‍വീസ് നടത്തും.
ബസ്
വ്യാഴാഴ്ച ഗോള്‍ഡ് സൂഖ് ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ നിന്ന് പുലര്‍ച്ചെ 4.25 മുതല്‍ രാത്രി ഒരു മണിവരെ ബസ് സര്‍വീസുണ്ടാകും. അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് രാവിലെ അഞ്ചു മുതല്‍ രാത്രി 12.10 വരെയായിരിക്കും സര്‍വീസ്. സത്വ പോലുള്ള ഉപ സ്റ്റേഷനുകളില്‍ രാവിലെ അഞ്ചു മുതല്‍ രാത്രി 11.15 വരെ ബസുകള്‍ ഓടും. സി വണ്‍ റൂട്ടില്‍ 24 മണിക്കൂറും സര്‍വീസുണ്ടാകും. അല്‍ ഖിസൈസ് സ്റ്റേഷനില്‍ രാവിലെ 4.40 മുതല്‍ രാത്രി 10.50 വരെയും അല്‍ ഖൂസ് സ്റ്റേഷനില്‍ രാവിലെ അഞ്ചു മുതല്‍ രാത്രി 11.35 വരെയൂം ജബല്‍ അലി സ്റ്റേഷനില്‍ രാവിലെ 5.45 മുതല്‍ രാത്രി 9.45 വരെയും ബസുകള്‍ സര്‍വീസ് നടത്തും.
റാശിദിയ, മാള്‍ ഓഫ് എമിറേറ്റ്സ്, ഇബ്നുബത്തൂത്ത മാള്‍, ബുര്‍ജ് ഖലീഫ, ഇത്തിസാലാത്ത്, അബൂഹൈല്‍ തുടങ്ങിയ മെട്രോ ഫീഡര്‍ ബസ്സര്‍വീസുകള്‍ രാവിലെ 5.15 മുതല്‍ രാത്രി 1.10 വരെയായിരിക്കും. പ്രധാന സ്റ്റേഷനുകളില്‍ നിന്നുള്ള ഇന്‍്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഇങ്ങനെയാണ്: അല്‍ ഗുബൈബയില്‍ നിന്ന് ഷാര്‍ജയിലേക്ക് 24 മണിക്കുറും അബൂദബിയിലേക്ക് രാവിലെ അഞ്ചു മുതല്‍ രാത്രി 11.40 വരെയും. അജ്മാനിലേക്ക് 4.30 മുതല്‍ 11.30 വരെയും ഫുജൈറയിലേക്ക് രാവിലെ ആറു മുതല്‍ 10.05 വരെയും ഹത്ത റൂട്ടില്‍ രാവിലെ ആറു മുതല്‍ 10.05 വരെയും ബസുകള്‍ ഓടും.
ജലവാഹനങ്ങള്‍
വാട്ടര്‍ ബസ് സര്‍വീസുകള്‍ പുതുവല്‍സര അവധി ദിനങ്ങളില്‍ മറീന,അല്‍ ഗുബൈബ സ്റ്റേഷനുകളില്‍ നിന്ന് നിന്ന് ഉച്ച 12 മണി മുതല്‍ രാത്രി 12 മണി വരെ സര്‍വീസ് നടത്തും. വാട്ടര്‍ ടാക്സി മറീന, അല്‍ ഗുബൈബ, പാം ജുമൈറ സ്റ്റേഷനുകളില്‍ നിന്ന് ഉച്ച ഒരു മണി മുതല്‍ രാത്രി 10 മണിവരെയായിരിക്കും യാത്ര നടത്തുക.
ദുബൈ ഫെറി അല്‍ഗുബൈബ സ്റ്റേഷനില്‍ നിന്ന് ദുബൈ മറീനാ മാള്‍ ദിശയിലേക്കും തിരിച്ചും രണ്ടു വീതം ട്രിപ്പ് സര്‍വീസ് നടത്തും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രിപ്പ് മറീന സ്റ്റേഷനില്‍ നിന്ന് ഗുബൈബയിലേക്ക് 1.00, 6.30 എന്നീ സമയത്തായിരിക്കും പുറപ്പെടുക. ദുബൈ ക്രീക്കില്‍ നിന്നുള്ള ഡീസല്‍ അബ്രകള്‍ രാവിലെ 10 മുതല്‍ രാത്രി 12 വരെ സര്‍വീസ് നടത്തും.
ദുബൈ ട്രാം
ട്രാം വ്യാഴാഴ്ച രാവിലെ 6.30 മുതല്‍ വെള്ളിയാഴ്ച രാത്രി ഒരു മണിവരെ ഓടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.