ഫിഫ ഫുട്ബാള്‍ പരിശീലന അംഗീകാരം  സ്വന്തമാക്കി മലയാളി അധ്യാപകന്‍

അബൂദബി: താഴത്തെട്ടിലുള്ള ഫുട്ബാള്‍ കളിക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള ഫിഫയുടെ ലൈസന്‍സ് മലയാളി അധ്യാപകന്‍ കരസ്ഥമാക്കി. മലപ്പുറം തിരൂര്‍ സ്വദേശിയും സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂള്‍ കായിക വിഭാഗം മേധാവിയുമായ സാഹിര്‍ മോനാണ് അംഗീകാരം ലഭിച്ചത്. ഫിഫയുടെ നേതൃത്വത്തില്‍ അല്‍ ദഹ്റ സ്പോര്‍ട്സ് ക്ളബില്‍ നടത്തിയ പരിശീലനത്തിനൊടുവിലാണ് മലപ്പുറം ജില്ലാ സ്കൂള്‍ ടീമില്‍ അംഗമായിരുന്ന സാഹിര്‍ ലൈസന്‍സിന് അര്‍ഹനായത്. താഴത്തേട്ടിലുളള കുട്ടികളെ പഠിപ്പിക്കുന്നതിന് യു.എ.ഇയില്‍ നിന്ന് ഫിഫയുടെ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അധ്യാപകനും പ്രവാസി മലയാളിയുമാണ് ഇദ്ദേഹം. സാധാരണ അതത് രാജ്യത്തെ പൗരന്‍മാര്‍ക്ക് മാത്രമാണ് ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ അപേക്ഷിച്ചെങ്കിലും പ്രവാസിയായതിനാല്‍ സാഹിറിനെ പരിഗണിച്ചിരുന്നില്ല. അബൂദബി സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പിന്തുണ കൂടി ലഭിച്ചതോടെയാണ് പ്രവേശവും ലൈസന്‍സും ലഭിച്ചത്.  യു.എ.ഇ ഫുട്ബാള്‍ അസോസിയേഷന്‍െറയും അബൂദബിയിലെ അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയുടെയും പിന്തുണയോടെയാണ് ഫിഫ ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിച്ചതെന്ന് സാഹിര്‍ മോന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് കായിക വിദ്യാഭ്യാസത്തില്‍ ബിരുദം നേടി അഞ്ച് വര്‍ഷമായി അബൂദബി സണ്‍റൈസ് സ്കൂളില്‍ ജോലി ചെയ്തുവരികയാണ്. നാഗാലാന്‍റ് സര്‍വകലാശാലക്ക് കീഴില്‍ കായിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതോടൊപ്പം ഫുട്ബാള്‍ പരിശീലനത്തിനുള്ള യൂറോപ്യന്‍ ലൈസന്‍സ് സ്വന്തമാക്കണമെന്നും ആഗ്രഹമുണ്ട്. ഇത്തിഹാദ് അക്കാദമി പ്രസിഡന്‍റ് കമറുദ്ദീനും സണ്‍റൈസ് സ്കൂള്‍ അധികൃതരും ഇതിന്  പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സാഹിര്‍ പറഞ്ഞു. റിസ്വാനയാണ് ഭാര്യ. തീനിഷ മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.