ദുബൈ: ലോകത്തിന്റെ കായിക ഹബ്ബായി മാറുന്ന ദുബൈയിലേക്ക് ജനുവരിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത് 20,000 കായിക താരങ്ങൾ. ഇതിൽ ലോകോത്തര താരങ്ങളും ഉൾപെടുന്നു. നിരവധി കായിക മത്സരങ്ങൾക്കാണ് ഈ മാസം ദുബൈ വേദിയൊരുക്കുന്നത്. പലതും ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചാണ് നടക്കുന്നത്. 18 റേസുകൾ, നാല് സൈക്ലിങ് ചാമ്പ്യൻഷിപ്പ്, മൂന്ന് നീന്തൽ ചാമ്പ്യൻഷിപ്പ്, 10 മറൈൻ ചാമ്പ്യൻഷിപ്പ്, മൂന്ന് കുതിരയോട്ടം, രാജ്യാന്തര ഗോൾഫ് ടൂർണമെന്റ് തുടങ്ങിയവയെല്ലാം ജനുവരിയിൽ കാണാം. ഇതിൽ ചിലത് ഇതിനകം തുടങ്ങിക്കഴിഞ്ഞു.
18 റൺ റേസുകളാണ് ഈ മാസം നടക്കുന്നത്. തണുപ്പുകാലമായതിനാലാണ് ഇത്രയധികം റണുകൾ ഒരുമിച്ചെത്തുന്നത്. ദേര-മിർദിഫ് ഡോനറ്റ് റൺ ഇന്ന് ഖവാനീജിൽ നടക്കും. മെയ്ദാനിൽ സ്കെച്ചേഴ്സ് റേസിങ് ചാമ്പ്യൻഷിപ്പും ഇന്ന് അരങ്ങേറുന്നുണ്ട്. ദുബൈ ഫെസ്റ്റിവൽ സിറ്റി നൈറ്റ് റൺ നാളെയാണ്. ഡാസ സ്കൂൾ റേസ് ചൊവ്വാഴ്ച നടക്കും. എക്സപോ സിറ്റിയിലെ നൈറ്റ് റണും ഇതേ ദിവസമാണ്. ബിസിനസ് ബേ നൈറ്റ് റൺ, ഹാർബർ നൈറ്റ് റൺ എന്നിവ ബുധനാഴ്ച അരങ്ങേറും. ദുബൈ ക്രീക്ക് ഹാഫ് മാരത്തൺ ജനുവരി 22നാണ് നടക്കുന്നത്. ദുബൈ കമ്യൂനിറ്റി റൺ, ഗ്രീൻ റൺ, അൾട്ടിമേറ്റ് റൺ, പാം വെസ്റ്റ് റൺ, വാദി ബി റൺ തുടങ്ങിയവയും ഈ മാസം നടക്കുന്നുണ്ട്.
നാല് സൈക്ലിങ് ഇവന്റുകളും ഈ മാസം നടക്കും. അൽ ഖുദ്ര സൈക്ലിങ് ട്രാക്കിലാണ് ഇവ നാലും നടക്കുന്നത്. ഐ.ടി.ടി ലോങ് കോഴ്സ് റേസ് ഇന്നലെ സമാപിച്ചു. അൽ സലാം സൈക്ലിങ് റേസ് ഇന്നാണ്. ബിൽഡ് അപ്പ് റേസ് (22), അൽ സലാം സൈക്ലിങ് ടൂർണമെന്റ് 14, 15 തീയതികളിലും നടക്കുന്നുണ്ട്. ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ മൂന്ന് നീന്തൽ ചാമ്പ്യൻഷിപ്പുകളാണ് നടക്കുന്നത്. ഓൾ സ്റ്റാർ സ്വിമ്മിങ്, ഹാമിൽട്ടൺ സ്വിമ്മിങ്, എമിറേറ്റ്സ് സ്വിമ്മിങ് എന്നിവ ഈ മാസം നടക്കും.
വാഹന പ്രേമികളുടെ ഇഷ്ട വിനോദമായ ദുബൈ ഓട്ടോഡ്രോം മൂന്ന് റേസുകൾ സംഘടിപ്പിക്കുന്നുണ്ട്. 21, 22 തീയതികളിൽ ദുബൈ കാർട്ട്ഡ്രോം, 27 മുതൽ 29 വരെ ഫെറാരി ഏഷ്യൻ കാർ ചലഞ്ച് എന്നിവയും നടക്കുന്നുണ്ട്. ഹാങ്കൂക് ദുബൈയുടെ നേതൃത്വത്തിൽ 13, 14 തീയതികളിൽ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ഫാസ്റ്റ് കാർ ചലഞ്ച് നടക്കും. ഇതിൽ 100 കാറുകൾ മാറ്റുരക്കും. ഫെറാരി, മെഴ്സിഡസ്, ഓഡി, പോർഷെ, ബി.എം.ഡബ്ലിയു, ഫോഡ്, റിനോൾട്ട് തുടങ്ങിയവയെല്ലാമുണ്ടാകും. അൽ ഹബ്തൂർ പോളോ ആൻഡ് ഇക്വസ്റ്റേറിയൻ ക്ലബ്ബിൽ മൂന്ന് കുതിരയോട്ടങ്ങളും അരങ്ങേറും.
ലോകോത്തര ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ലീഗ് ടി 20 ഈ മാസം 13 മുതൽ നടക്കും. ഐ.പി.എൽ മാതൃകയിൽ നടക്കുന്ന ടൂർണമെന്റിൽ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. അന്താരാഷ്ട്ര ഗോൾഫ് ചാമ്പ്യൻഷിപ്പായ ദുബൈ ഡസർട്ട് ക്ലാസിക് ജനുവരി 23 മുതൽ 29 വരെയാണ് നടക്കുന്നത്. ലോക ഒന്നാം നമ്പർ താരം റോറി മക്റോയ് ഉൾപെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. ടൈറൽ ഹാറ്റൺ, ടോം ഫ്ലീറ്റ്വുഡ് ഉൾപെടെ വമ്പൻമാരും എത്തും. എമിറേറ്റ്സ് ഗോൾഫ് ക്ലബ്ബിലാണ് ചാമ്പ്യൻഷിപ്പ്.
ദുബൈ ബീച്ചിൽ 10 അന്താരാഷ്ട്ര മറൈൻ ചാമ്പ്യൻഷിപ്പുകളാണ് നടക്കുന്നത്. എമിറേറ്റ്സ് ഇന്റർനാഷനൽ അക്വാബൈക്ക് ചാമ്പ്യൻഷിപ്പ് തുടങ്ങിക്കഴിഞ്ഞു. ദുബൈ മോഡേൺ സൈലിങ് ചാമ്പ്യൻഷിപ്പ്, ദുബൈ ട്രഡീഷനല ധോ സൈലിങ് ചാമ്പ്യൻഷിപ്പ്, ദുബൈ കയാക്ക് ബോട്സ് ഫിഷിങ് ടൂർണമെന്റ് തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ദുബൈ ഓഫ്ഷോർ സൈലിങ് ക്ലബ്ബിന്റെ നേതൃ്വത്തിലും വിവിധ ചാമ്പ്യൻഷിപ്പുകൾ നടക്കുന്നുണ്ട്. 32ാമത് ദുബൈ ഇൻർനാഷനൽ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് 27 മുതൽ ഫ്രെബ്രുവരി അഞ്ച് വരെ അൽ നസ്ർ ക്ലബ്ബിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.