ദുബൈയിലെ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി: മലയാളി ജീവനക്കാർക്ക് തടവും പിഴയും

കോഴിക്കോട്: ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോയിലധികം സ്വർണം തട്ടിയെടുത്ത കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവരാണ് പ്രതികൾ. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് പിടികൂടിയെങ്കിലും മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.

മുഹമ്മദ് അജാസ് ആറുവർഷമായി ജ്വല്ലറിയിൽ മാനേജറായി പ്രവർത്തിച്ചുവരികയാണ്. മോഷണത്തിന്‍റെ ആസൂത്രകൻ ഇയാളാണെന്ന് സംശയിക്കുന്നു. ജ്വല്ലറിയിലെ സൂപ്പർ വൈസർ കം സെയിൽമാനാണ് മുഹമ്മദ് കബീർ. ഇരുവരും ചേർന്ന് കൃത്യമായ ആസൂത്രണത്തോടെ 2022-2023 കാലയളവിലാണ് മോഷണം നടത്തിയത്.

ദുബൈയിൽ പ്രവർത്തിക്കുന്ന ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് അഹമ്മദ് കബീർ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെ ഇവർ റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ട വിവരം വ്യക്തമായത്.

നാട്ടിലായിരുന്ന അഹമ്മദ് കബീറിനെ വിവാഹത്തിനുശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ പ്രതി അപ്പീൽ നൽകിയെങ്കിലും ആദ്യ വിധി അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്ക് രക്ഷപ്പെട്ട മുഹമ്മദ് അജാസിനെതിരെ റിച്ച് ഗോൾഡ് ഉടമയായ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്.

അജാസിനെ പിടികൂടാൻ കോടതിയുടെ സഹായത്തോടെ ഇന്‍റർപോളിനെ സമീപിക്കാനാണ് മുഹമ്മദ് സലീമിന്‍റെ തീരുമാനം. മൊത്ത വ്യാപാര സ്ഥാപനത്തിൽ ഏഴോ എട്ടോ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. മുഴുവൻ പേരെയും പിരിച്ചുവിട്ട് സ്ഥാപനം പൂട്ടിയിരിക്കുകയാണ്.

Tags:    
News Summary - 10 kg of gold stolen from Dubai jewelry store: Malayali employees jailed and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.