ആർ.ഐ.സി.സി പ്രഫഷനൽ വിങ് സംഘടിപ്പിച്ച ഫോക്കസ് പ്രഫഷനൽസ് മീറ്റ്
റിയാദ്: ചൂഷണ മുക്തമായ സമൂഹത്തിൽ സാമ്പത്തികമായും വ്യക്തിപരമായും വിശുദ്ധിയാണ് സകാത് നിർവഹിക്കുന്നതെന്ന് ആർ.ഐ.സി.സി പ്രഫഷനൽ വിങ് മലസ് ചെറീസ് ഹാളിൽ സംഘടിപ്പിച്ച ഫോക്കസ് പ്രഫഷനൽസ് മീറ്റ് അഭിപ്രായപ്പെട്ടു.
സമ്പത്ത് കൈകാര്യം ചെയ്യുന്നവർ സമൂഹത്തിൽ നിർമാണാത്മക ഇടപെടൽ നടത്തേണ്ടത് സമ്പദ് വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ഇവിടെയാണ് സമ്പത്ത് വിനിയോഗിക്കുകയും അതിൽനിന്നും മിച്ചം വരുന്നതിൽ ഒരു നിശ്ചിത ഭാഗം അർഹരായവർക്ക് നൽകൽ വിശ്വാസിയുടെ നിർബന്ധ ബാധ്യതയാണ് എന്നും ഇസ്ലാം പഠിപ്പിക്കുന്നത്.
പലിശ, പൂഴ്ത്തിവെപ്പ്, പിശുക്ക്, ധൂർത്ത് തുടങ്ങിയ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങളെ മുഴുവൻ ഇല്ലാതാക്കുകയും ദാനധർമം, കാരുണ്യം, ക്രിയാത്മക സാമ്പത്തിക വിനിയോഗം തുടങ്ങി നിരവധി നന്മകൾ ഉറപ്പാക്കുകയും ചെയ്യുകയാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ. പ്രത്യേകിച്ച് സകാത് എന്ന നിർബന്ധ കർമത്തിലൂടെ വിശ്വാസികൾ നിർവഹിക്കുന്നത്. സ്വന്തത്തിനും സമൂഹത്തിനും ഒട്ടേറെ നന്മകളും നേട്ടങ്ങളും സകാത് നൽകുന്നതിലൂടെ ഉണ്ടാവുന്നു.
സഹോദരങ്ങളുടെ അഭിമാനത്തിന് ക്ഷതം വരുത്താതെ അർഹതപ്പെട്ടവരിലേക്ക് എത്തുംവിധം കൃത്യമായ സംവിധാനങ്ങളിലൂടെ സകാത്ത് നൽകുകയാണ് അഭികാമ്യമെന്നും ‘സകാത് സാമ്പത്തിക വിശുദ്ധിക്ക്’ എന്ന പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ഇസ്ലാമിക സാമ്പത്തിക വിദഗ്ധനും കുവൈത്ത് ഇസ്ലാമിക മന്ത്രാലയം ഉദ്യോഗസ്ഥനുമായ പി.എൻ. അബ്ദുറഹ്മാൻ അബ്ദുലത്തീഫ് പറഞ്ഞു.
ഓപൺ ഫോറത്തിൽ ആർ.ഐ.സി.സി കൺവീനർ എൻജി. ഉമർ ശരീഫ് മോഡറേറ്ററായിരുന്നു. പ്രഫഷൻ വിങ് ചെയർമാൻ എൻജി. അഹ്മദ് റസൽ അധ്യക്ഷത വഹിച്ചു.
അബ്ദുല്ല അൽ ഹികമി, എൻജി. ജിഹാദ് കൊല്ലം, എൻജി. അനീസ് എടവണ്ണ തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഹുസ്നി പുളിക്കൽ, മുഫീദ് കണ്ണൂർ, സുഹൈൽ, ഷാഹിർ കൊളപ്പുറം, നവാസ് നന്മണ്ട, ജസീല പൊന്നാനി, ഷെറിഹാൻ, നജ്മ, ഹസ്ന, ഷാമില, നുബില തുടങ്ങിയവർ നേതൃത്വം നൽകി. ആഷിക് അൽ ഹികമി, ഷഹജാസ് പയ്യോളി, ശബാബ് കാളികാവ് തുടങ്ങിയരുടെ നേതൃത്വത്തിൽ കിഡ്സ് കോർണറും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.