റിയാദ്: യമനിലെ തടവുകാരെ കൈമാറുന്നതിനായി ജോർദാൻ തലസ്ഥാനമായ അമ്മാനിൽ വെച്ച് ഒപ്പുവെച്ച കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന ഈ കരാർ, സമാധാന പ്രക്രിയയിലെ ശുഭകരമായ ഒരു ചുവടുവെപ്പാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. മേഖലയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ഈ തീരുമാനം കരുത്തുപകരുമെന്നും സൗദി അറേബ്യ പ്രത്യാശ പ്രകടിപ്പിച്ചു.
കരാറിൽ എത്തുന്നതിനായി സഹകരിച്ച എല്ലാ കക്ഷികളുടെയും പരിശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. കഴിഞ്ഞ മാസങ്ങളിൽ ഈ നിർണ്ണായക ചർച്ചകൾക്ക് ആതിഥ്യമരുളുകയും സമാധാന ശ്രമങ്ങൾക്ക് ആത്മാർത്ഥമായ പിന്തുണ നൽകുകയും ചെയ്ത ജോർദാൻ സർക്കാരിനോടുള്ള നന്ദിയും മന്ത്രാലയം രേഖപ്പെടുത്തി.
ഐക്യരാഷ്ട്ര സഭയുടെ യമൻ പ്രത്യേക പ്രതിനിധിയുടെ ഓഫിസും ഇൻറർനാഷനൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസും ഈ നേട്ടം കൈവരിക്കുന്നതിനായി നടത്തിയ ഇടപെടലുകളെ സൗദി അറേബ്യ അഭിനന്ദിച്ചു. സഹോദരങ്ങളായ യമൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്ത് ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രസ്താവനയിൽ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.