യാംബു: അൽമനാർ ഇൻറർനാഷനൽ സ്‌കൂൾ 16-ാം വാർഷികം ‘ഫിയസ്റ്റ 2025’ വർണാഭമായ പരിപാടികളോടെ സമാപിച്ചു. സ്‌കൂൾ ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ രണ്ടു ദിവസങ്ങളിലായി നടന്ന വ്യത്യസ്ത പരിപാടികളിൽ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറി. ബോയ്‌സ് വിഭാഗം പരിപാടിയിൽ അൽമനാർ സ്‌കൂൾ അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ റഫാഇ, സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ബോയ്സ് സെക്ഷൻ ഹെഡ്‌മാസ്റ്റർ സയ്യിദ് യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കും സ്കൂളിലെ കലാ, കായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
പത്താം ക്ലാസ് പരീക്ഷയിൽ സ്‌കൂളിൽ നിന്ന് ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള അവാർഡും വിതരണം ചെയ്തു. സൗദി പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങൾ, വിവിധ രാജ്യങ്ങളിലെ നാടൻ കലകൾ, നാടകം, ഗാനം, നൃത്തങ്ങൾ, സംഗീത ശില്പങ്ങൾ, ഗാനാവിഷ്‌കാരങ്ങൾ, വിവിധ ഭാഷകളിലുള്ള കലാരൂപങ്ങൾ എന്നിവ കാണികളുടെ നിറഞ്ഞ കൈയടി വാങ്ങി.
വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ ചടുല താളങ്ങൾക്കൊപ്പിച്ചു ചുവടുകൾ വെച്ച് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രേക്ഷകരുടെ മനം കവരുന്നതായിരുന്നു. ബോയ്സ് സെക്ഷൻ ഹെഡ്‌മാസ്റ്റർ സയ്യിദ് യൂനുസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ഇസ്ഹാഖ് മണ്ണയിൽ സ്വാഗതവും സ്‌കൂൾ ഹെഡ്‌ബോയ് അഹ്മദ് ഷാദ് നന്ദിയും പറഞ്ഞു.
ഗേൾസ് വിഭാഗത്തിലെ വാർഷിക പരിപാടിയിൽ ഗേൾസ് വിഭാഗം അഡ്മിനിസ്ട്രേഷൻ മാനേജർ ഖുലൂദ് സലാമ അൽ അഹ് മദി, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ്, സെക്ഷൻ കോഓർഡിനേറ്റർമാരായ ഫിറോസ സുൽത്താന, സിന്ധു ജോസഫ്, ഷഗുഫ സെഹർ എന്നിവർ സംബന്ധിച്ചു. സ്‌കൂൾ ഹെഡ് ഗേൾ കാതറിൻ മെരിയ ബിനു സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ ഷാഹിൻ ബാനു ശൈഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.