ഷിറീൻ ഇർഫാൻ, പി. അബ്ദുൽ വാഹിദ്, രാജൻ നമ്പ്യാർ
യാംബു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാറ്റുരക്കാൻ യാംബുവിലെ മൂന്ന് മുൻ പ്രവാസികളും രംഗത്ത്. വർഷങ്ങൾ നീണ്ട യാംബു പ്രവാസം മതിയാക്കി നാടണഞ്ഞ മൂന്നു പേരും ഇപ്പോൾ സ്ഥാനാർഥികളാണ്. മലപ്പുറം നഗരസഭ 33ാം വാർഡായ മുതുവത്തുപറമ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഷിറീൻ ഇർഫാൻ, മലപ്പുറം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 19ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി പി. അബ്ദുൽ വാഹിദ്, തൃശൂർ കൈപ്പറമ്പ് ബ്ലോക്ക് ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർഥി രാജൻ നമ്പ്യാർ എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയിലെ യാംബുവിെൻറ സാന്നിധ്യം.
ഷിറീൻ ഇർഫാൻ യാംബു അൽമനാർ സ്‌കൂൾ അധ്യാപികയായിരുന്നു. കലാസാഹിത്യ മേഖലയിലും സജീവമായിരുന്ന ഷിറിൻ രണ്ടാം തവണയാണ് അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ പാണക്കാട്ട് വാർഡിൽ മികച്ച പോരാട്ടം നടത്തിയ അനുഭവ സമ്പത്തുമായാണ് വീണ്ടും അങ്കത്തിനിറങ്ങുന്നത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ കാമ്പസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു.
പി. അബ്ദുൽ വാഹിദ് 10 വർഷം യാംബു സ്റ്റീൽസ് കമ്പനിയിൽ എച്ച്.ആർ വിഭാഗം ജീവനക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിക്കാലത്താണ് പ്രവാസം അവസാനിപ്പിച്ചത്. രാജൻ നമ്പ്യാർ നാല് പതിറ്റാണ്ടിലേറെക്കാലം പ്രവാസിയായിരുന്നു. 30 വർഷത്തെ യു.എ.ഇ പ്രവാസത്തിനു ശേഷം യാംബുവിലെ സോയാബീൻ ക്രഷിങ് കമ്പനിയിൽ മാനേജരായിരിക്കെയാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത്.
ഇടതുപക്ഷ പ്രവാസി സംഘടനയായ ജിദ്ദ നവോദയയുടെ യാംബു ഘടകം രൂപവത്കരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗം, ഏരിയ പ്രസിഡൻറ്, രക്ഷാധികാരി തുടങ്ങിയ പല ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചിരുന്നു. യാംബു മലയാളി അസോസിയേഷെൻറ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സഹകരിച്ച് പ്രവർത്തിച്ചിരുന്നു. പ്രവാസ ജീവിതത്തിൽ ഇടതുപക്ഷ രാഷ്ട്രീയ ചേരിയിൽ സജീവമായിരുന്ന രാജൻ നമ്പ്യാർ നാട്ടിലെത്തി ബി.ജെ.പി സ്ഥാനാർഥിയായി ഗോദയിലിറങ്ങിയത് യാംബു മലയാളി പ്രവാസികൾക്കിടയിൽ ഇപ്പോൾ ചർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.