മുജാഹിദ് സംസ്ഥാന സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാൻ കെ.എൻ.എം നേതാക്കൾ ജിദ്ദയിൽ നടത്തിയ വാർത്തസമ്മേളനം

മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ലോകപ്രശസ്ത പണ്ഡിതർ പങ്കെടുക്കും

ജിദ്ദ: 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന തലക്കെട്ടിൽ ഡിസംബർ 29 മുതൽ 2023 ജനുവരി ഒന്നുവരെ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൽ ലോകപ്രശസ്ത പണ്ഡിതരും നേതാക്കളും പങ്കെടുക്കുമെന്ന് കെ.എൻ.എം നേതാക്കൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് സ്വപ്നനഗരിയിൽ പ്രത്യേകം സജ്ജമാക്കുന്ന വിശാലമായ പന്തലിൽ നടക്കുന്ന ചതുർദിന സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണർ, ചരിത്രപണ്ഡിതർ, നിയമജ്ഞർ, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. സ്വപ്ന നഗരിയിൽ നാലു വേദികളിലായാണ് സെമിനാറുകളും ചർച്ചകളും നടക്കുക. 2023 ജനുവരി ഒന്നിന് ഞായറാഴ്ച നാലിന് സമാപന സമ്മേളനം നടക്കും.

ഏകദേശം 50,000ത്തോളം മുഴുവൻ സമയ പ്രതിനിധികൾ പങ്കെടുക്കും. മതം കൊണ്ട് മനുഷ്യരെ ഭയപ്പെടുത്തുന്ന, ഭിന്നിപ്പിക്കുന്ന, ചൂഷണം ചെയ്യുന്ന, മതത്തിന്റെ പേരിൽ നരബലിയും അക്രമവും വ്യാപിക്കുന്ന സാഹചര്യത്തിൽ മതം മനുഷ്യന് നിർഭയത്വം നൽകുന്നുവെന്നും ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകൾ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാൻ കഴിയുക എന്നും സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളന പ്രചാരണത്തിലൂടെ ശ്രമിക്കുന്നത്.

വർഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകർക്കുകയും ചെയ്യും. ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണർത്തുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്. സമാധാനപരമായ സഹവർത്തിത്വമാണ് മാനവസമൂഹത്തിന്റെ ഭദ്രമായ നിലനിൽപിനു വേണ്ടതെന്ന് സമ്മേളനം ഉണർത്തുന്നു.

അന്ധവിശ്വാസങ്ങൾ, ലഹരി, തീവ്രവാദം, ഫാഷിസം, മതനിരാസം, മത വിരുദ്ധ ലിബറൽ ചിന്തകൾ തുടങ്ങി യുവതലമുറയെ ലക്ഷ്യം വെച്ച് നീങ്ങുന്ന തെറ്റായ പ്രവണതകൾക്കെതിരെ സമ്മേളനത്തിൽ ബോധവത്കരണം നടത്തും. രാജ്യത്തെ മുസ്ലിം സമൂഹം നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്യും.

വനിത സമ്മേളനം, യുവജന, വിദ്യാർഥി സമൂഹം ഏറ്റെടുക്കേണ്ട ദൗത്യം ഓർമിപ്പിക്കുന്ന സെഷനുകൾ എന്നിവ നടക്കും. സമ്മേളനത്തിന്റെ സൗദി ദേശീയതല പ്രചാരണോദ്ഘാടനം ഇന്ന് ജിദ്ദയിൽ നടക്കും. റിയാദിലും ദമ്മാമിലും പ്രചാരണ സമ്മേളനങ്ങൾ നടക്കുമെന്നും കെ.എൻ.എം നേതാക്കൾ അറിയിച്ചു.

കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റുമാരായ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ സെക്രട്ടറി അബ്ബാസ് ചെമ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - World renowned scholars will participate in the Mujahid State Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.