റിയാദ്: തങ്ങളുടെ പ്രദേശത്ത് അധികരിച്ചുവരുന്ന വന്യമൃഗങ്ങളുടെ ഉപദ്രവത്തിൽനിന്നും കുടുംബങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ (റിവ) നിവേദനം നൽകി.
വഴിക്കടവ് വയനാട് പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട പഞ്ചായത്ത് ആയതിനാൽ വയനാട് എം.പി പ്രിയങ്ക വേദര, മലപ്പുറം ജില്ലാ കലക്ടർ, പ്രവാസി ക്ഷേമ വകുപ്പ് (നോർക്ക), കേരള വനം വകുപ്പ് മന്ത്രി, മുൻ എം.എൽ.എ പി.വി. അൻവർ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി എന്നിവർക്കാണ് നിവേദനം അയച്ചത്.
കാട്ടിൽനിന്നു മൃഗങ്ങൾ ജനവാസ പ്രദേശങ്ങളിലെത്തി വളർത്തുമൃഗങ്ങളെയും കൃഷിയും നശിപ്പിക്കുന്നത് സർവസാധാരണമാണ്. പരിതാപകരമായ ഈ അവസ്ഥയിൽ തങ്ങളുടെ കുടുംബത്തിനും സ്വത്തിനും ഉണ്ടാക്കുന്ന നാശത്തിൽ ആധിയും ആശങ്കയും അറിയിച്ചാണ് നിവേദനം നൽകിയത്.
മലയോര കാർഷികമേഖലയായ വഴിക്കടവ് പഞ്ചായത്തും പരിസരപഞ്ചായത്തുകളും ആന, പന്നി, നരി, കുരങ്ങ് എന്നിവയുടെ നിരന്തരശല്യം കാരണം ജനങ്ങളുടെ ജീവിതം ദുസ്സഹമായ അവസ്ഥയാണ്.
ഈ പ്രതിസന്ധിയിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. റിവ പ്രസിഡന്റ് സൈനുൽ ആബിദ് വഴിക്കടവ്, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് തമ്പലക്കോടൻ, ട്രഷറർ അൻസാർ ചരലൻ എന്നിവരാണ് നിവേദനത്തിൽ ഒപ്പുവെച്ചു. വന്യമൃഗശല്യം കാരണം നാട്ടിലെ വിഷമങ്ങൾ അധികാരികളെ ബോധ്യപ്പെടുത്തുന്നതിന് നാട്ടിലെ സ്ഥിരതാമസക്കാരായ തോമസ് കരിയിൽ, ശംസുദ്ധീൻ പണ്ടാരപ്പെട്ടി എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.