ജിദ്ദ: പ്രവാസി മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ നോർക്ക റൂട്ട്സ് വഴി നടപ്പാക്കിയ ‘നോർക്ക കെയർ പ്ലസ്’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കെതിരെ പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം ഉയരുന്നു. നോർക്ക എന്ന സർക്കാർ ഏജൻസിയിലുള്ള വിശ്വാസ്യത മുൻനിർത്തി ആയിരക്കണക്കിന് പ്രവാസികളാണ് പദ്ധതിയിൽ അംഗങ്ങളായത്. എന്നാൽ, ചികിത്സാ സമയത്ത് അർഹമായ ക്ലെയിം തുക ഇൻഷുറൻസ് കമ്പനി നിഷേധിക്കുന്നതായും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ തടയുന്നതായും ഗുണഭോക്താക്കൾ ആരോപിക്കുന്നു. തുടക്കത്തിൽ സുഗമമായി മുന്നോട്ടുപോയ പദ്ധതിയിൽ, കൂടുതൽ ക്ലെയിമുകൾ വരാൻ തുടങ്ങിയതോടെയാണ് കമ്പനി നിഷേധാത്മക നിലപാട് സ്വീകരിച്ചു തുടങ്ങിയത്.
ഗുരുതരമായ രോഗങ്ങൾക്കോ വലിയ തുക ചെലവ് വരുന്ന ചികിത്സകൾക്കോ വിധേയരാകുമ്പോൾ, അതിെൻറ വളരെ ചെറിയൊരു ശതമാനം മാത്രമാണ് നിലവിൽ കമ്പനി അനുവദിക്കുന്നത്. ബാക്കി വരുന്ന വൻതുക രോഗികൾ സ്വന്തം കൈയിൽ നിന്ന് നൽകേണ്ടിവരുന്ന സാഹചര്യമാണ്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി വരിക്കാരെ ചേർത്ത സമയത്ത് പോളിസിയിലെ കർശനമായ നിബന്ധനകളോ സബ് ലിമിറ്റുകളോ (ഉപപരിധികൾ) ഹിഡൻ ചാർജുകളോ കമ്പനി വ്യക്തമാക്കിക്കൊടുത്തിരുന്നില്ലെന്ന് പ്രവാസികൾ കുറ്റപ്പെടുത്തുന്നു. ചികിത്സ സമയത്ത് ക്ലെയിം തുക വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, പോളിസി വ്യവസ്ഥകൾ മുൻനിർത്തി മാത്രമേ തുക അനുവദിക്കാൻ കഴിയൂ എന്ന മറുപടിയാണ് ഇൻഷുറൻസ് കമ്പനിയും ആശുപത്രി അധികൃതരും നൽകുന്നത്. ഇത് വരിക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് പ്രവാസികൾ പറയുന്നു.
പലപ്പോഴും ആശുപത്രി കിടക്കയിൽ വെച്ചാണ് രോഗികൾ ഇത്തരം സാങ്കേതിക കുരുക്കുകളെക്കുറിച്ച് അറിയുന്നത്. ഇത് പ്രവാസി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക-മാനസിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സർക്കാരിനെയും നോർക്കയെയും വിശ്വസിച്ച് പദ്ധതിയിൽ ചേർന്ന തങ്ങളോട് ഇൻഷുറൻസ് കമ്പനി കാട്ടുന്ന ഈ പകൽക്കൊള്ളയ്ക്കെതിരെ നോർക്ക റൂട്ട്സ് അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി സമൂഹത്തിെൻറ ആവശ്യം. എന്നാൽ കമ്പനിക്കെതിരെ നോർക്കയിൽ പരാതിപ്പെടുമ്പോൾ അവർ കൈമലർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനായി നോർക്കയുടെ കീഴിൽ പ്രത്യേക സെൽ രൂപവത്കരിക്കണമെന്നും, പ്രവാസികളെ ചൂഷണം ചെയ്യുന്ന കമ്പനിയുമായുള്ള കരാർ വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി കൊണ്ടുവന്ന പദ്ധതി ഇപ്പോൾ അവർക്ക് തന്നെ ബാധ്യതയായി മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രവാസി സംഘടനകൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.