റിയാദിലെ ഗോൾഡ് സൂഖുകളിൽ സൗദി മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധന
റിയാദ്: സൗദി തൊഴിൽ വിപണിയിൽ സ്വദേശിവൽക്കരണ നിയമങ്ങൾ പൂർണ്ണമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം പരിശോധനകൾ ശക്തമാക്കി. സ്വദേശി യുവതീ-യുവാക്കൾക്ക് കൂടുതൽ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കുക, റീട്ടെയിൽ ഉൾപ്പെടെയുള്ള വാണിജ്യ മേഖലകളിൽ സുസ്ഥിരമായ അവസരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഈ വിപുലമായ ഫീൽഡ് പരിശോധനകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഇതിെൻറ ഭാഗമായി, റിയാദിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ത്വയ്ബ മാർക്കറ്റിലും വിവിധ സ്വർണ വിപണികളിലും (ഗോൾഡ് സൂഖ്) മന്ത്രാലയ അധികൃതർ മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തി. സ്വർണ വിപണികളിൽ മാത്രം നടത്തിയ തീവ്രമായ പരിശോധനകളിൽ 69 തൊഴിൽ നിയമ ലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
പ്രഖ്യാപിക്കപ്പെട്ട സൗദിവൽകരണ നിയമങ്ങൾ പാലിക്കാതിരിക്കുക, ഔദ്യോഗിക രേഖകളിലെ തസ്തികകളും തൊഴിലാളികൾ ചെയ്യുന്ന യഥാർഥ ജോലിയും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാവുക, തൊഴിൽ സുരക്ഷ-ആരോഗ്യ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുക എന്നിവയാണ് കണ്ടെത്തിയ പ്രധാന ലംഘനങ്ങൾ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ വിപണി കൂടുതൽ ക്രമീകരിക്കുന്നതിനും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പ്രത്യേകിച്ച് സ്വർണ-ആഭരണ വ്യാപാര മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് മന്ത്രാലയം ഈ നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യത്തെ വിവിധ വാണിജ്യ കേന്ദ്രങ്ങളിൽ ഇത്തരം ശക്തമായ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.