ജിദ്ദ: ഇന്ന് മുതൽ മലപ്പുറത്ത് ആരംഭിക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് പ്രവാസി കുടുംബങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ എക്‌സിക്യൂട്ടിവ് പ്രസ്താവനയിൽ അഭ്യർഥിച്ചു. പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ എന്നും മുന്നിൽനിന്ന് പൊരുതിയിട്ടുള്ള പ്രസ്ഥാനമാണ് വെൽഫെയർ പാർട്ടി.
രാജ്യത്ത് മുച്ചൂടും പിടിമുറുക്കിയ സംഘ്പരിവാർ വംശീയ ഫാഷിസത്തെ പരാജയപ്പെടുത്താൻ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ യോജിച്ച ബഹുജന മുന്നേറ്റം എത്രയും വേഗം ഉണ്ടാകണമെന്ന നിലപാടുയർത്തിയാണ് വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കർമപരിപാടികൾ സമ്മേളനം ചർച്ച ചെയ്യുന്നുണ്ട്. 2024 ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് മുൻനിർത്തി വിശാല തെരഞ്ഞെടുപ്പ് സഖ്യം രൂപവത്കരിക്കേണ്ടതുണ്ട്.
ഹിന്ദുത്വ രാഷ്ട്ര നിർമിതി യാഥാർഥ്യമാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. അതിനെ തടയാൻ ബി.ജെ.പിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തൽ അനിവാര്യമാണ്. ഈ പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് സഹകരണം ഉണ്ടാകണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.
സംഘ്പരിവാറിനെ ആശയവ്യക്തതയോടെ നേരിടാനാണ് വെൽഫെയർ പാർട്ടി ശ്രമിക്കുന്നത്. സംഘ്പരിവാറിനെ സാമൂഹിക നീതിയുടെയും ജനാധിപത്യത്തിെൻറയും സാഹോദര്യത്തിെൻറയും രാഷ്ട്രീയംകൊണ്ടാണ് ഫലപ്രദമായി നേരിടാനാവുക. സംഘ്പരിവാർ നിർമിക്കുന്ന ഇസ്‌ലാം ഭീതിയുടെ ഉള്ളിൽനിന്നാണ് പരമ്പരാഗത പാർട്ടികൾ പ്രവർത്തിക്കുന്നത്. അതിൽനിന്നുകൊണ്ട് ഒരു കാരണവശാലും സംഘ്പരിവാറിനെ നേരിടാൻ ആകില്ല.
സവർണ ഫാഷിസത്തിെൻറ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹികരാഷ്ട്രീയ മുന്നേറ്റമാണ് ഇന്ത്യയിൽ യാഥാർഥ്യമാകേണ്ടത്. കേരളീയ നവോത്ഥാനത്തിൽ പങ്കാളികളായ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്ക് ഇതിൽ സുപ്രധാനമായ പങ്കുവഹിക്കാൻ കഴിയും.
മുസ്‍ലിംകൾ, ദലിത്, ആദിവാസി വിഭാഗങ്ങൾ, ക്രൈസ്തവർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ, മത്സ്യത്തൊഴിലാളി സമൂഹം തുടങ്ങി സവർണ വംശീയ വാദികളല്ലാത്ത മുഴുവൻ മനുഷ്യരെയും ചേർത്തുപിടിക്കുന്ന, അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിക്കു രൂപം നൽകാനാണ് വെൽഫെയർ പാർട്ടി ശ്രമിക്കുന്നത്.
ഇന്നും നാളെയും പ്രതിനിധി സമ്മേളനമാണ് നടക്കുന്നത്. മലപ്പുറം ജില്ലയിലെ വെൽഫെയർ പാർട്ടിയുടെ സംഘടന ശക്തി വിളിച്ചറിയിക്കുന്ന ബഹുജന റാലിയാണ് 29 ന് നടക്കുക. പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുഴുവൻ പ്രവാസികളുടേയും കുടുംബങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് ആക്ടിങ് പ്രസിഡൻറ് ഉമർ ഫാറൂഖ് പാലോട്, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.