അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ
ജിദ്ദ: സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കാനും അതിനെതിരെ ഉയരുന്ന ഭീഷണികൾ തടയുന്നതിനും സഹകരിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയെ സൗദി അറേബ്യ സ്വാഗതം ചെയ്തു. വ്യാഴാഴ്ച അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ തെൻറ പ്രസംഗത്തിൽ പരമാധികാരവും ഭൂമിയും സംരക്ഷിക്കുന്നതിൽ സൗദി അറേബ്യയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സൗദിയുടെ പ്രതികരണം. ഇറാനിയൻ പിന്തുണയുള്ള സായുധസംഘത്തിൽനിന്നാണ് സൗദി അറേബ്യ ഭീഷണി നേരിടുന്നതെന്നും ജോ ബൈഡൻ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. യമൻ പ്രതിസന്ധിക്ക് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താൻ പിന്തുണ നൽകുന്നത് ഉറച്ച നിലപാടാണ്.
യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങളെ പിന്തുണക്കുന്നതിെൻറ പ്രാധാന്യം അമേരിക്ക എടുത്തുപറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. യമൻ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ സൗദി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. യു.എൻ സെക്രട്ടറി ജനറലിെൻറ ആഹ്വാനത്തെ തുടർന്ന് സഖ്യസേന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതടക്കം ഇതിലുൾപ്പെടും. ജോ ബൈഡൻ ഭരണകൂടവും യമനിലെ അമേരിക്കൻ ദൂതൻ ടിം ലെൻഡർകിങ്ങും െഎക്യരാഷ്ട്രസഭയും യമനിലെ എല്ലാ രാഷ്ട്രീയ കക്ഷികളും സഖ്യരാജ്യങ്ങളുമായും ചേർന്ന് സുരക്ഷ കൗൺസിൽ പ്രമേയം അടിസ്ഥാനമാക്കി യമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരമാണ് സൗദി അറേബ്യ ഉറ്റുനോക്കുന്നത്. സ്ഥിരതയിലേക്കും വികസനത്തിലേക്കും യമൻ പ്രവേശിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
അവിടത്തെ ജനതയുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ രാജ്യം തുടരും. ഏതാനും വർഷങ്ങൾക്കുള്ളിൽ യമനിലെ ജനങ്ങൾക്ക് 17 ശതകോടി ഡോളറിെൻറ സഹായം എത്തിച്ചിട്ടുണ്ട്. യമൻ ജനതക്ക് പിന്തുണ ശക്തമാക്കാനും ആശ്വാസവും മാനുഷിക സഹായവും നൽകാൻ സഹോദരരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യർഥിക്കുന്നുവെന്നും സൗദി അറേബ്യ പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയ മുന്നോട്ടുപോകുക, സംഘർഷങ്ങൾ പരിഹരിക്കുക, ലബനാൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരത ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക തുടങ്ങി മേഖലയിലെ വെല്ലുവിളികളെ നേരിടാൻ അമേരിക്കയുമായുള്ള സഹകരണവും ഏകോപനവും തുടരാനും ശക്തിപ്പെടുത്താനും സൗദി അറേബ്യ ആഗ്രഹിക്കുന്നു.
തീവ്രവാദത്തെയും ഭീകരതയെയും നേരിടുക, കോവിഡ് പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുക, എണ്ണ സാമ്പത്തിക വിപണികളെ സ്ഥിരപ്പെടുത്തുക, പരിസ്ഥിതി സംരക്ഷണ രംഗത്ത് സഹകരണം ശക്തിപ്പെടുത്തുക, പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുക, മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും സൗദി അറേബ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.