യാംബു: ജനിച്ച് വീഴുമ്പോൾ വെറും 470 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന മലയാളി ദമ്പതികളുടെ പെൺകുഞ്ഞ് 114 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടു. ഒരു മുതിർന്ന ആളുടെ കൈവെള്ളയുടെ വലുപ്പം മാത്രമായി അഞ്ചാം മാസത്തിൽ പിറന്ന ഈ കുഞ്ഞിന്റെ അതിജീവനത്തെ ഒരു വിസ്മയമെന്നാണ് സൗദി അറേബ്യയിലെ മെഡിക്കൽ ലോകം വിശേഷിപ്പിക്കുന്നത്.
സൗദിയിൽ ഇത്രയും കുറഞ്ഞ ഭാരത്തോടെ ജനിച്ച് ജീവൻ നിലനിർത്തിയ ആദ്യത്തെ കുഞ്ഞെന്ന അപൂർവ്വ നേട്ടത്തോടെയാണ് ഈ നവജാത ശിശു മാതാപിതാക്കൾക്കൊപ്പം മടങ്ങുന്നത്. ഇതിനുമുമ്പ് 24-ാം ആഴ്ചയിൽ 550 ഗ്രാം ഭാരത്തോടെ ജനിച്ച കുഞ്ഞ് അതിജീവിച്ചതായിരുന്നു രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭാരമെന്ന റെക്കോർഡ്. ഈ റെക്കോർഡാണ് മലപ്പുറം സ്വദേശികളായ ജാബിർ-നസ്രീൻ ദമ്പതികളുടെ മകൾ തിരുത്തിക്കുറിച്ചത്.
യാംബു റോയൽ കമീഷൻ ആശുപത്രിയിൽ കഴിഞ്ഞ വർഷം ഒക്ടോബർ 15-നാണ് ഗർഭാവസ്ഥയുടെ 23-ാം ആഴ്ചയിൽ കുഞ്ഞ് ജനിക്കുന്നത്. ‘നാനോ പ്രീമി’ എന്ന് മെഡിക്കൽ രംഗം വിളിക്കുന്ന, അവയവങ്ങൾ പോലും പൂർണമായി വളർച്ചയെത്താത്ത അവസ്ഥയിലായിരുന്നു ശിശു. കൺസൾട്ടൻറ് നിയോനാറ്റോളജിസ്റ്റ് ഡോ. ഗാലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് കുഞ്ഞിെൻറ ചികിത്സ ഏറ്റെടുത്തത്.
ആധുനിക സജ്ജീകരണങ്ങളോടെ ലേബർ റൂമിൽ സദാ സന്നദ്ധരായിരുന്ന നവജാതശിശു വിഭാഗം ഡോക്ടർമാർ, ജനിച്ചയുടൻ തന്നെ കുഞ്ഞിനെ ഇൻട്യൂബേഷൻ പ്രക്രിയയ്ക്ക് വിധേയമാക്കുകയും ശ്വാസകോശത്തിെൻറ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ചികിത്സകൾ ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ കുഞ്ഞിനെ ഇൻകുബേറ്ററിലേക്ക് മാറ്റി.
തുടർന്ന് നാല് മാസത്തോളം നീണ്ടുനിന്ന അതികഠിനമായ പോരാട്ടത്തിനൊടുവിലാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പലപ്പോഴായി ശരീരത്തിലുണ്ടായ അണുബാധകൾ ചികിത്സയിൽ വലിയ വെല്ലുവിളിയുയർത്തിയിരുന്നു. ഭൂരിഭാഗം ദിവസങ്ങളിലും അഡ്വാൻസ്ഡ് വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് എൻ.ഐ.സി.യുവിൽ കഴിഞ്ഞത്.
സാധാരണ രീതിയിൽ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിൽ 60 ശതമാനം പേരെ രക്ഷപ്പെടുത്താനാകുമെങ്കിലും, ഈ കുഞ്ഞിെൻറ കേസ് തീർത്തും സങ്കീർണവും വ്യത്യസ്തവുമായിരുന്നുവെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. എൻ.ഐ.സി.യു കുഞ്ഞിന് മറ്റൊരു ഗർഭപാത്രമായി മാറിയതോടെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് കുഞ്ഞ് ഭാരം വീണ്ടെടുത്തു.
470 ഗ്രാമിൽ നിന്നും അഞ്ച് മടങ്ങ് ഭാരം വർദ്ധിച്ച് ഒരു കിലോ 900 ഗ്രാം ഭാരവുമായാണ് കുഞ്ഞ് ആശുപത്രി വിടുന്നത്. കുട്ടിയുടെ തലച്ചോറിെൻറ വളർച്ച നിലവിൽ സമപ്രായക്കാരായ കുട്ടികളുടേതിന് സമാനമാണെന്നും ഡോക്ടർമാർ വിലയിരുത്തി.
ഡോക്ടർമാർ പോലും പ്രതീക്ഷ കൈവിട്ട ഘട്ടത്തിൽ എൻ.ഐ.സി.യുവിന് മുന്നിൽ പ്രാർത്ഥനയോടെ കഴിഞ്ഞ നാളുകൾ ജീവിതത്തിലെ ഏറ്റവും സങ്കീർണമായ നിമിഷങ്ങളായിരുന്നുവെന്ന് കുഞ്ഞിെൻറ മാതാവും യാംബുവിലെ സ്വകാര്യ ആശുപത്രിയിലെ ഒപ്റ്റോമെട്രിസ്റ്റുമായ നസ്രീൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. ആശുപത്രിയിലെ മെഡിക്കൽ സംഘത്തിെൻറ സമാനതകളില്ലാത്ത പരിചരണവും, ഭർത്താവ് ജാബിറിെൻറ നിരന്തരമായ പിന്തുണയുമാണ് തനിക്ക് കരുത്തായതെന്നും അവർ കൂട്ടിച്ചേർത്തു.
‘ഹവ്വ’ എന്ന് പേരിട്ട കുഞ്ഞിനെ ഡോക്ടർമാരും നഴ്‌സുമാരും ചേർന്ന് പ്രത്യേക ആദരിക്കൽ ചടങ്ങോടെയാണ് യാത്രയാക്കിയത്. കുഞ്ഞനിയത്തിയെ വരവേൽക്കാൻ മൂത്തമകൾ റിസയും കൂടെയുണ്ടായിരുന്നു. അതിജീവനം അസാധ്യമെന്ന് കരുതിയ ഘട്ടത്തിൽ നിന്നും അത്ഭുതകരമായ മാറ്റങ്ങളോടെ വളരുന്ന മകളെ നോക്കി പ്രാർത്ഥനയോടെ കഴിയുകയാണ് യാംബുവിലെ ഈ മലയാളി കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.