അബഹ: മുള്ളൻപഴത്തിന്റെ തൊലി ഉപയോഗിച്ച് വ്യവസായിക മലിനജലം ശുദ്ധീകരിക്കാനുള്ള നൂതന സാങ്കേതികവിദ്യക്ക് അബഹയിലെ കിങ് ഖാലിദ് സർവകലാശാലയിലെ ഗവേഷക സംഘം പേറ്റന്റ് നേടി. കാർഷിക മാലിന്യങ്ങളെ വ്യാവസായിക, രാസമാലിന്യങ്ങൾ നീക്കംചെയ്യാൻ കഴിയുന്ന ഒരു സജീവ വസ്തുവായി മാറ്റിയെടുക്കുക എന്നതായിരുന്നു ഈ ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഗവേഷക സംഘത്തിന് നേതൃത്വം നൽകുന്ന സർവകലാശാലയിലെ രസതന്ത്ര വിഭാഗം പ്രഫസർ ഫാത്തിമ അൽസഹ്റാനിയാണ് ഈ സുപ്രധാന നേട്ടം പ്രഖ്യാപിച്ചത്.
വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് മലിനീകരണത്തിന്റെ 98 ശതമാനവും നീക്കം ചെയ്യാൻ സാധിക്കുമെന്ന് അവർ പറഞ്ഞു. സാമ്പത്തികമായും പാരിസ്ഥിതികമായും ഇത് വലിയ നേട്ടമാണെന്നും കാര്യക്ഷമതയിൽ വലിയ കുറവില്ലാതെ തന്നെ തൊലികൾ പലതവണ പുനരുപയോഗിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മുള്ളൻപഴത്തിന്റെ തൊലികൾക്ക് അൾട്രാസോണിക് തരംഗങ്ങളും ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ലായനികളും ഉപയോഗിച്ച് അവയുടെ സുഷിരങ്ങളും ആഗിരണശേഷിയും വർധിപ്പിക്കുന്നു എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത.
സൗദിയിൽ, പ്രത്യേകിച്ച് അൽബഹ മേഖലയിൽ മുള്ളൻപഴം വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇവിടെ 26 ഫാമുകളിൽനിന്ന് പ്രതിവർഷം 40 മുതൽ 70 ടൺ വരെ ഉൽപാദനം നടക്കുന്നു. കർഷകർ മുള്ളൻപഴം ജ്യൂസ്, ഐസ്ക്രീം, സോപ്പ് തുടങ്ങിയ വിവിധ ഉൽപന്നങ്ങളാക്കി മാറ്റുന്നുണ്ട്.
കൂടാതെ, മുള്ളൻപഴത്തിന്റെ ഔഷധഗുണങ്ങൾ, വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയെക്കുറിച്ചും ചർമ സംരക്ഷണത്തിലുള്ള അതിന്റെ സാധ്യതകളെക്കുറിച്ചും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അൽബഹയിലെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഫഹദ് അൽസഹ്റാനി ഈ മേഖലയിൽ ഒരു സമഗ്രമായ ‘മുള്ളൻപഴം നഗരം’ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ നേരത്തേ സൂചിപ്പിച്ചിരുന്നു.
കോളജ് ഓഫ് സയൻസിലെ പ്രഫസർ ബദ്രിയ അൽശഹ്രി, രസതന്ത്ര വിഭാഗത്തിലെ പ്രഫസർ രിദ അൽശശ്താവി എന്നിവരുമായി ചേർന്നുള്ള സഹകരണത്തിലൂടെയാണ് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടിയിൽ നിന്ന് പേറ്റന്റ് ലഭിക്കാൻ സാധ്യമായതെന്ന് പ്രഫ. അൽസഹ്റാനി പറഞ്ഞു.
മുള്ളൻപഴത്തിന്റെ തൊലിയിൽനിന്നുള്ള പൊടി ഒരു കാറ്റയോണിക് ഡൈ അബ്സോർബന്റ് ആയി പ്രവർത്തിക്കുമെന്ന് കണ്ടെത്തി. തുണിത്തരങ്ങൾ, പേപ്പർ, പ്ലാസ്റ്റിക്, സൗന്ദര്യവർധക ഉൽപന്നങ്ങൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം രാസവസ്തുവാണ് കാറ്റയോണിക് ഡൈ.
ഇവ ജലജീവികൾക്ക് വിഷകരവും മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരവുമാണ്. ഈ സാങ്കേതികവിദ്യ ജലശുദ്ധീകരണത്തിന് ഉപകരിക്കുന്നതിനു പുറമേ, കാർഷിക മാലിന്യങ്ങൾ ഉയർന്ന മൂല്യമുള്ള പാരിസ്ഥിതിക ഉൽപന്നങ്ങളാക്കി മാറ്റുന്നതിനും വഴിയൊരുക്കുന്നുണ്ടെന്ന് അൽസഹ്റാനി പറഞ്ഞു.
ഇത് വ്യാവസായിക, സാമൂഹിക മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.