ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽഷൽഹൂബ്
റിയാദ്: കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുകയും അതിന്റെ വിഡിയോകൾ പ്രസിദ്ധീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സൈബർ ക്രൈം വിരുദ്ധ സംവിധാനത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽഷൽഹൂബ് മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിൽ റിയാദിൽ കഴിഞ്ഞദിവസം സമാപിച്ച ലോക പ്രതിരോധ പ്രദർശനമേളയുടെ ഭാഗമായി സൗദി ചാനലിലെ ‘സൗദി സ്ട്രീറ്റ്’ പ്രോഗ്രാമിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറ്റം എന്തായാലും അതിനെ മറ്റൊരു കുറ്റകൃത്യവുമായി കൈകാര്യം ചെയ്യരുത്. പ്രതിരോധം സുരക്ഷയാണ്, കുറ്റകൃത്യത്തിന്റെ ഫോട്ടോ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വിവര കുറ്റകൃത്യമാണെന്നും സുരക്ഷ വക്താവ് പറഞ്ഞു. ഒരു കുറ്റകൃത്യത്തിനോ ഒരു പ്രത്യേക സംഭവത്തിനോ സാക്ഷിയാകുകയും അത് ചിത്രീകരിക്കുകയും ചെയ്താൽ ഉടൻ അത് ബന്ധപ്പെട്ട സുരക്ഷ അധികാരികൾക്ക് നൽകണം. 911 എന്ന നമ്പറിൽ വിളിച്ച് സെക്യൂരിറ്റി ഓപറേഷൻസ് സെൻററിലെ ഉദ്യോഗസ്ഥരെ അറിയിക്കണം. മറ്റൊരിടത്തും ഒരിക്കലും പ്രസിദ്ധീകരിക്കരുത്. അത് പൊതുജനാഭിപ്രായത്തിന്റെ പരിധിയിൽ വരാതിരിക്കാനാണ്. അപകീർത്തികരമായി പരിഗണിക്കപ്പെടുമെന്നും സമൂഹത്തോട് മുഴുവനായി നൽകുന്ന മുന്നറിയിപ്പാണിതെന്നും സുരക്ഷ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.