റിയാദിൽ കേളി കലാസാംസ്കാരിക വേദി വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സി.പി.എം സ്ഥാപക നേതാവും കേരളത്തിെൻറ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദെൻറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ റിയാദിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.
താൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർത്ഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർത്ഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും വലിയ പ്രചോദനമാണെന്ന് പി.കെ. ബിജു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സമാനമായ അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിക്കുന്നതെന്ന് ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കുനേരെ നടന്ന പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി അദ്ദേഹം വിമർശിച്ചു. സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളുമായി നിലവിലെ യു.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നെറികേടുകൾക്കെതിരെ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ്. കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിെൻറ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബ വേദി സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീന സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. രക്ഷാധികാരി സമിതി അംഗങ്ങളായ സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.