ജിദ്ദ: വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളൻറിയർമാർ ഹജ്ജിന്റെ പുണ്യസ്ഥലങ്ങളിലെ സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്നതായി ഭാരവാഹികൾ അറിയിച്ചു. വനിത വളൻറിയര്‍മാര്‍ അടക്കം സജീവമായി സേവനരംഗത്തിറങ്ങിയിരുന്നു. അറഫാദിനത്തിന്റെ തലേദിവസം തന്നെ മക്കയിലെ ഐവ വളൻറിയർമാർ സജീവമായി. ഹജ്ജിനു മുമ്പ് മക്കയില്‍ മരിച്ച കേരള ഹാജിമാരുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നതിലും സാധ്യമായ സഹായങ്ങള്‍ ചെയ്തിരുന്നു.
ഹാജിമാർ കൂട്ടമായി എത്തുന്ന ഏരിയകളായ ജംറകൾ, മുത്തവ്വഫുമാരുടെ തമ്പുകൾ, മിനയിലെ പ്രധാന നഗരികളിലെ ജങ്ഷനുകൾ, ആശുപത്രികൾ തുടങ്ങിയ ഭാഗങ്ങളില്‍ വളൻറിയര്‍ ക്യാപ്റ്റന്‍ റിദ്വാന് അലി, ഫൈസല്‍ അരിപ്ര, ഷറഫുദ്ദീൻ മേപ്പാടി എന്നിവരുടെ നേതൃത്വത്തിലാണ് വളൻറിയര്‍ സേവനം സജീവമാക്കിയത്.
ഹജ്ജിന് മുമ്പ് അസീസിയ താമസകേന്ദ്രങ്ങളില്‍ ഭക്ഷണകിറ്റുകള്‍, പച്ചക്കറി കിറ്റുകള്‍ എന്നിവയും ഹജ്ജിന്റെ മൂന്ന് ദിവസങ്ങളില്‍ കുടിവെള്ളം, പഴം ജ്യൂസുകള്‍, ലഘുഭക്ഷണ കിറ്റുകൾ തുടങ്ങിയവയും ആയിരക്കണക്കിന് ഹാജിമാര്‍ക്ക് ഹാരിസ് കരുവമ്പൊയില്‍, ഷഹീന് തിരുവനന്തപുരം, ഇബ്രാഹീം, അബൂബക്കര്‍ വടക്കാങ്ങര, മെഹബൂബ് എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
രോഗികളെ ആശുപത്രികളിലെത്തിക്കാനും അവശരായവരെ അവരുടെ തമ്പുകളില്‍ എത്തിക്കാനും ശംസുദ്ദീന്‍ കരുവാരകുണ്ട്, ലിയാഖത്ത് കോട്ട തുടങ്ങിയവരുടെ കീഴിലുള്ള വളൻറിയര്‍മാര്‍ സജീവമായി. വീൽചെയർ സേവനവും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള മരുന്നുകളും യഹ്യ മേലാറ്റൂര്‍, ഹനീഫ പറക്കല്ലില്‍ എന്നിവര്‍ ലഭ്യമാക്കി. മിനയുടെയും അസീസിയയുടെയും ലൊക്കേഷന്‍ മാപ്പുകളുടെ സഹായത്തോടെ വഴിയറിയാതെ പ്രയാസപ്പെടുന്ന ഹാജിമാരെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നത് ഇസ്മാഈല്‍ ചെമ്മങ്കടവ്, ശിഹാബ് ചവറ, അമാനുല്ല പൊന്നാനി, നാസര്‍ പറപ്പൂര് എന്നിവരുടെ കീഴിലുള്ള വളന്റിയര്‍മാർക്ക് കൃത്യമായി നിർവഹിക്കാന്‍ സാധിച്ചു.
അസീസിയയില്‍ സജ്ജമാക്കിയ വളൻറിയര്‍ ക്യാമ്പ് ഇന്‍ ചാർജ് അന്‍വര്‍ വടക്കാങ്ങരയുടെ നേതൃത്വത്തില്‍ ജരീര്‍ വേങ്ങര (രജിസ്ട്രേഷന്), നൗഷാദ് ഓച്ചിറ (ഭക്ഷണം), ജാഫര്‍ ചെങ്ങാനി, കരീം മഞ്ചേരി, നജ്മുദ്ദീന്, ഹനീഫ ബെരിക്ക (ലോജിസ്റ്റിക്) തുടങ്ങിയ വകുപ്പുകളുടെ ഉത്തരവാദിത്തം നിർവഹിച്ചു.
ഇന്ത്യയില്‍നിന്ന് ഹാജിമാരുടെ വരവ് തുടങ്ങിയത് മുതല്‍ ജിദ്ദ എയർപോർട്ടിലും അസീസിയ താമസ കേന്ദ്രങ്ങളിലും ഒരുക്കിയ സേവനം അവര്‍ തിരിച്ചുപോകുന്ന ദിവസങ്ങളിലും തുടരുന്നതാണ്. സലാഹ് കാരാടൻ, നാസർ ചാവക്കാട്, ദിലീപ് താമരക്കുളം, അബ്ബാസ് ചെങ്ങാനി എന്നിവർ മേല്‍നോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.