ദമ്മാം ലുലു ഹൈപ്പർമാർക്കറ്റിൽ അരങ്ങേറിയ ‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോയിൽ മത്സര വിജയികളും പങ്കെടുത്തവരും സംഘാടകരും
ദമ്മാം: ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ‘വിജയ് ദം ദം ബിരിയാണി’യുടെ റോഡ് ഷോ ദമ്മാമിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. ദമ്മാം ലുലു മാളിൽ നടന്ന ആവേശകരമായ മത്സരത്തിനൊടുവിൽ, വിജയികൾക്ക് നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റുകൾ’ സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും വേദിയിൽ ഒരുക്കിയിരുന്നു.രണ്ട് വിഭാഗങ്ങളിലായാണ് പാചക മത്സരം സംഘടിപ്പിച്ചത്. ബാച്ചിലർമാർക്കായി നടത്തിയ ‘സൗദി ബിരിയാണി രാജ’ കാറ്റഗറിയിൽ അനീഷ് മോൻ ജേതാവായി. ഫാമിലി ആൻഡ് ജനറൽ വിഭാഗത്തിനായി സംഘടിപ്പിച്ച ‘സൗദി ബിരിയാണി ദം സ്റ്റാർ’ മത്സരത്തിൽ സനീജ മുനീർ ഒന്നാം സ്ഥാനവും, ആൻലീബ് ഷാഹിദ് രണ്ടാം സ്ഥാനവും, ആയിഷ ഷഹീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലുലു റീജനൽ ഷെഫ് ഷിവ് ഖഡ്ക, കാൻറീൻ ഗ്രൂപ് കോഓപ്പറേറ്റീവ് ഷെഫ് വിപിൻ ഉണ്ണികൃഷ്ണൻ, ഫുഡ് വ്ലോഗർ ഡോ. സബ്ന അബ്ദുൽ മജീദ് എന്നിവരടങ്ങിയ വിദ്ഗധ സമിതിയാണ് വിധികർത്താക്കളായി എത്തിയത്.മാസിൽ പട്ടാമ്പി പ്രധാന അവതാരകനായ ചടങ്ങിൽ ഫൈസൽ കുറ്റ്യാടി സഹ അവതാരകനായിരുന്നു. വിവിധ ഫൺ ഗെയിമുകളും മത്സരങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായകരായ റിൻസി മാനു, മിൻറു അഭിലാഷ്, ജോജി, നിഖിൽ മുരളി തുടങ്ങിയവർ അണിനിരന്ന സംഗീത നിശയും, പ്രമുഖ നർത്തകി സരിത നിതിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്ത പരിപാടികളും കാണികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നായി.
കൂടാതെ, റമദാൻ മാസത്തിൽ ‘ഗൾഫ് മാധ്യമം’ ദിനേന നടത്തിയ ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.ലുലു ജനറൽ മാനേജർ സുലൈമാൻ കളത്തിൽ, ആർ.കെ.ജി ഡെപ്യൂട്ടി മാനേജർ മിഥുൻ ഐസക്, ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ സലിം മാഹി, മാർക്കറ്റിങ് മാനേജർ നിഹാൽ, മാർക്കറ്റിങ് എക്സിക്യുട്ടീവ് മുനീർ എള്ളുവിള, ഫ്രണ്ടി പ്രതിനിധി ലുഖ്‌മാൻ, വിജയ് മസാല ദമ്മാം സൂപ്പർവൈസർ അൻഷാദ്, ജോജി മോൻ ജോർജ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഷബീർ ചാത്തമംഗലം പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
ലുലു ഹൈപർമാർക്കറ്റ്, ഫ്രണ്ടി ടെലികോം, സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റ്, കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയിൻറ്, ഷിഫ അൽ ജസീറ പോളിക്ലിനിക്ക്, ആർ.കെ.ജി എന്നിവയാണ് വിജയ് ദം ദം ബിരിയാണി മത്സരത്തിന്റെ പ്രായോജകർ. വരാനിരിക്കുന്ന ഗ്രാൻഡ് ഫൈനലിലെ വിജയികളെ കാത്തിരിക്കുന്നത് ആകെ 50,000 റിയാലിന്റെ മെഗാ സമ്മാനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.