ദമ്മാം: ‘നാട്ടിലേക്ക് പോകണം’ എന്ന വിഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽപെട്ടിരിക്കുകയാണ് സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഒരു ഇന്ത്യൻ പ്രവാസി. സൗദിയിലെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ചിത്രീകരിച്ച ഒരു വിഡിയോ ആണ് അയാൾക്ക് തന്നെ വിനയായത്.
സൗദിയിലെ ജീവിതം ദുസ്സഹമാണെന്നും അതുകൊണ്ട് തനിക്ക് ഉടൻ നാട്ടിലേക്ക് പോവണം എന്ന തരത്തിലായിരുന്നു വിഡിയോ. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതർ ഇയാളെ വിളിച്ചുവരുത്തുകയും വിശദീകരണം അന്വേഷിക്കുകയും ചെയ്തു. എന്നാൽ പ്രചരിച്ച വിഡിയോയിലെ അവകാശവാദങ്ങൾ അദ്ദേഹം നിഷേധിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ വേണ്ടി മാത്രമാണ് താൻ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടെന്ന് നടിച്ചുകൊണ്ട് വിഡിയോ ചെയ്തതെന്നും, സ്പോൺസറുമായോ മറ്റോ പ്രശ്നങ്ങളോ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നും ഇയാൾ അധികൃതരോട് വ്യക്തമാക്കുകയായിരുന്നു.
വിഡിയോയുടെ ഉദ്ദേശ്യം വ്യക്തമായതോടെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ് പൊലീസ്. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.