ജിദ്ദ: തമിഴ്നാട്ടിലെ വാൽപ്പാറ മലയോരപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ച സംഭവത്തിൽ എം.ഇ.എസ് മമ്പാട് കോളജ് അലുംനി ജിദ്ദ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. വിനോദസഞ്ചാരത്തിന് പോയ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട വാർത്ത ഏറെ നോവുണർത്തുന്നതാണെന്ന് എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ അധ്യാപകനും എം.ഇ.എസ് മമ്പാട് കോളജ് ഹിസ്റ്ററി വിഭാഗം മുൻ വിദ്യാർത്ഥിയുമായിരുന്ന മജീദ് മാസ്റ്റർ, പത്നി റുഖിയ എന്നിവർക്കൊപ്പം സഹ അധ്യാപകരും ജീവനക്കാരിയും അപകടത്തിൽ മരണപ്പെട്ടത് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. പരേതരുടെ കുടുംബാംഗങ്ങൾക്കും സ്കൂളിലെ സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കുമുണ്ടായ ഈ വലിയ ദുഃഖത്തിൽ പ്രവാസി സമൂഹം ഒന്നടങ്കം പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് ടി.പി. രാജീവ്, ജനറൽ സെക്രട്ടറി തമീം അബ്ദുല്ല മമ്പാട്, ട്രഷറർ പി.എം.എ. ഖാദർ എന്നിവർ അനുശോചന പരിപാടിക്ക് നേതൃത്വം നൽകി. യോഗത്തിൽ സാബിൽ മമ്പാട്, ഷമീല മൂസ, പി. ഷമീർ, മൂസ പട്ടത്ത്, സൈഫുദ്ദീൻ വാഴയിൽ, ബഷീർ പരുത്തിക്കുന്നൻ, അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, അസൈൻ ഇല്ലിക്കൽ, ഹാരിസ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.