തുമാമ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
റിയാദിലെ തുമാമ - അൽ സഹാബ റോഡ് ജങ്ഷനിൽ മേൽപ്പാലവും അണ്ടർപാസും നിർമിക്കുന്നു
റിയാദ്: സൗദി തലസ്ഥാന നഗരിയിലെ തിരക്കേറിയ റോഡുകളിലൊന്നായ കിഴക്കൻ തുമാമ റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും യാത്രാസൗകര്യം വർധിപ്പിക്കുന്നതിനുമായി വിപുലമായ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
റിയാദ് നഗര വികസന സമിതിയായ റോയൽ കമീഷൻ ഫോർ റിയാദ് സിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ പ്രവൃത്തികൾ നടക്കുന്നത്. ഇതിെൻറ ഭാഗമായി തുമാമ റോഡും അൽ സഹാബ റോഡും കൂടിച്ചേരുന്ന പ്രധാന ജങ്ഷനിൽ ഒരു പുതിയ മേൽപ്പാലവും അടിപ്പാതയും നിർമിക്കുന്ന ജോലികൾ ആരംഭിച്ചു.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ജങ്ഷനിൽ ശനിയാഴ്ച മുതൽ പുതിയ ഗതാഗത വഴിതിരിച്ചുവിടൽ നിലവിൽ വന്നു.
നിലവിൽ തുമാമ റോഡിെൻറ വടക്കുഭാഗത്തുള്ള സമാന്തര റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. ഈ പാതയിൽ ഇരുദിശകളിലേക്കും പോകാൻ മൂന്ന് വരികൾ വീതം സൗകര്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിർമാണ ജോലികൾ നടക്കുമ്പോഴും റോഡിന് ഇരുവശത്തുമുള്ള കെട്ടിടങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സമില്ലാതെ എത്തിച്ചേരാനായി പ്രത്യേക സർവീസ് റോഡും സജ്ജമാക്കിയിട്ടുണ്ട്.
ഡ്രൈവർമാർക്ക് വഴി എളുപ്പത്തിൽ മനസ്സിലാക്കാൻ ദിശാബോർഡുകളും ബദൽ വഴികളും ഒരുക്കിയിട്ടുണ്ട്. ഗതാഗത തടസ്സവും അപകടങ്ങളും ഒഴിവാക്കാൻ മറ്റ് ഔദ്യോഗിക വകുപ്പുകളുമായി സഹകരിച്ച് തയ്യാറാക്കിയ സമഗ്ര പദ്ധതി അനുസരിച്ചാണ് ഈ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. റിയാദിലെ പ്രധാന റോഡുകൾ വികസിപ്പിക്കുന്ന പദ്ധതിയുടെ ‘മൂന്നാം ഘട്ടത്തിൽ’ ഉൾപ്പെടുത്തിയാണ് എട്ട് കിലോമീറ്റർ നീളമുള്ള കിഴക്കൻ തുമാമ റോഡ് നവീകരിക്കുന്നത്.
ഈ എട്ട് കിലോമീറ്റർ ഭാഗത്ത് ആകെ മൂന്ന് മേൽപ്പാലങ്ങളും, മൂന്ന് അടിപ്പാതകളും, നാല് പ്രധാന ജങ്ഷനുകളും നിർമിക്കും. എയർപോർട്ട് റോഡ്, സഈദ് ബിൻ സൈദ് റോഡ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ റോഡ്, അൽ സഹാബ റോഡ് എന്നിവയാണ് ഈ നാല് ജങ്ഷനുകൾ. പദ്ധതി പൂർത്തിയാകുന്നതോടെ ദിവസവും രണ്ട് ലക്ഷത്തിലധികം വാഹനങ്ങൾക്ക് തടസ്സമില്ലാതെ ഇതുവഴി കടന്നുപോകാനാകും. ഗതാഗതക്കുരുക്ക് കുറയുന്നതോടെ യാത്രക്കാരുടെ സമയലാഭവും ഉറപ്പാക്കാനാകും.
റിയാദ് നഗരത്തിലുടനീളം 500 കിലോമീറ്ററിലധികം ദൂരത്തിൽ പുതിയ റോഡുകൾ നിർമിക്കുകയും പഴയ പ്രധാന റോഡുകൾ കൂട്ടിയിണക്കി വികസിപ്പിക്കുകയും ചെയ്യുന്ന വൻ പദ്ധതിയാണ് സൗദി ഭരണകൂടം നടപ്പാക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സുസ്ഥിര ഗതാഗത, ലോജിസ്റ്റിക്സ് കേന്ദ്രമായി റിയാദിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.