ഡെൽറ്റ എയർലൈൻസിന് അറ്റ്‌ലാൻറയ്ക്കും റിയാദിനുമിടയിൽ വിമാന സർവിസ് ആരംഭിക്കുന്നതിനുള്ള സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിപത്രം കൈമാറുന്നു
അറ്റ് ലാന്റ-റിയാദ് നേരിട്ടുള്ള വിമാന സർവിസ്: ഡെൽറ്റ എയർലൈൻസിന് അനുമതി
റിയാദ്: അമേരിക്കൻ വിമാന കമ്പനിയായ ഡെൽറ്റ എയർലൈൻസിന് അറ്റ്‌ലാൻറയ്ക്കും റിയാദിനുമിടയിൽ നേരിട്ടുള്ള പതിവ് വിമാന സർവിസുകൾ ആരംഭിക്കുന്നതിന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, വ്യോമയാന സുരക്ഷാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും എൻവയോൺമെൻറൽ സസ്റ്റൈനബിലിറ്റി വിഭാഗം തലവനുമായ ക്യാപ്റ്റൻ സുലൈമാൻ ബിൻ സാലിഹ് അൽമുഹൈമിദി ഔദ്യോഗിക അനുമതി പത്രം ഡെൽറ്റ എയർലൈൻസ് പ്രതിനിധിക്ക് കൈമാറി.
സൗദിയുടെ അന്താരാഷ്ട്ര വ്യോമബന്ധം കൂടുതൽ ശക്തമാക്കുന്നതിനും പ്രമുഖ ആഗോള എയർലൈനുകൾക്ക് രാജ്യത്തെ വ്യോമയാന വിപണിയിലേക്ക് വഴിതുറക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പുതിയ സർവിസ് ആരംഭിക്കുന്നതോടെ വ്യോമയാന മേഖലയിലെ മത്സരശേഷി വർധിക്കുകയും രാജ്യത്തിെൻറ അന്താരാഷ്ട്ര വിമാന സർവീസ് ശൃംഖല കൂടുതൽ വിപുലമാവുകയും ചെയ്യും.സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്കും ദേശീയ വ്യോമയാന നയത്തിനും അനുസൃതമായി വിനോദസഞ്ചാരം, വ്യാപാരം, വിദേശ നിക്ഷേപം എന്നീ മേഖലകൾക്ക് ഈ പുതിയ വ്യോമബന്ധം വലിയ പിന്തുണയേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.