സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈനിന് നേരെയുള്ള ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ
മനാമ: സൗദിയിലെ റിയാദ്, മദീന പ്രവിശ്യകളിലെ ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്‌ലൈനിന് നേരെ ഇറാഖിൽ നിന്നും ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു.
ആക്രമണത്തിൽ ആളപായവും വസ്തുവകകൾക്ക് നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നല്ല അയൽപക്ക ബന്ധത്തിയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ആഗോള ഊർജ വിതരണ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നിർണായക സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നും വിലയിരുത്തപ്പെട്ടു.
സൗദിക്ക് ബഹ്‌റൈൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, സൗദിയുടെ സുരക്ഷയും സ്ഥിരതയും ബഹ്‌റൈന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി തങ്ങളുടെ പരമാധികാരവും സുരക്ഷയും പൗരന്മാരെയും സംരക്ഷിക്കാൻ സൗദി അറേബ്യക്ക് എല്ലാവിധ അവകാശവുമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രാലയം, പരിക്കേറ്റവർക്ക് വേഗത്തിലുള്ള രോഗമുക്തിയും ആശംസിച്ചു.
അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് സ്വന്തം ഭൂപ്രദേശം ഉപയോഗിക്കുന്നത് തടയാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇറാഖ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയും അറിയിച്ചു. ഊർജ സുരക്ഷയും പ്രാദേശിക സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.