അൽഉലയിൽ ഹെലിപാഡുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി പത്രം സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി കൈമാറുന്നു

അൽഉലയിൽ നാല് ഹെലിപാഡുകൾ പ്രവർത്തനക്ഷമമായി; അംഗീകാരം നൽകി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി

തബൂക്ക്: സൗദി അറേബ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അൽഉല മേഖലയുടെ വ്യോമഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി നാല് ഹെലിപാഡുകൾ പ്രവർത്തനക്ഷമമാക്കാൻ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) അംഗീകാരം നൽകി. റിയാദിലെ സിവിൽ ഏവിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇതിനുള്ള ലൈസൻസ് സർട്ടിഫിക്കറ്റുകൾ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് അൽഉല റോയൽ കമീഷൻ ഏറ്റുവാങ്ങി.

മേഖലയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിലായി നിർമിച്ചിട്ടുള്ള ഈ ഹെലിപാഡുകൾക്ക് പകലും രാത്രിയും ഒരുപോലെ സർവീസ് നടത്താനുള്ള അത്യാധുനിക സജ്ജീകരണങ്ങളുണ്ട്. എയർ കമ്യൂണിക്കേഷൻ സേഫ്റ്റി എക്സിക്യൂട്ടീവ് റെഗുലേഷൻസിെൻറ നിർദിഷ്ട മാനദണ്ഡങ്ങളും സുരക്ഷാ ആവശ്യകതകളും പൂർണമായും തൃപ്തിപ്പെടുത്തിയതിനെ തുടർന്നാണ് പ്രവർത്തനാനുമതി നൽകിയത്.

വ്യോമഗതാഗത മേഖലയിലെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും സമഗ്ര വികസന മുന്നേറ്റത്തിന് പിന്തുണയേകുന്നതിനും വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള കാര്യക്ഷമമായ ഏകോപനം ഇതിലൂടെ സാധ്യമായതായി അൽഉല റോയൽ കമീഷൻ വ്യക്തമാക്കുന്നു. രാജ്യത്തെ വ്യോമഗതാഗത മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുമുള്ള സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. സൗദി വിഷൻ 2030-െൻറയും ദേശീയ ഏവിയേഷൻ പ്രോഗ്രാമിെൻറയും ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്ന ഈ പദ്ധതി, പ്രമുഖ ആഗോള ടൂറിസം-സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ സഹായിക്കും.

അൽഉലയിൽ പ്രവർത്തനക്ഷമമായ ഹെലിപാഡുകളിലൊന്ന്

 

Tags:    
News Summary - GACA Approves Four New Helipads in Al Ula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.